മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡ് 3-1ന് ഫ്രഞ്ച് പ്രബലരായ പി.എസ്.ജിയെ പിറകിലാക്കി എന്നത് യാഥാര്‍ത്ഥ്യം. റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ തകര്‍പ്പന്‍ ജയമെന്നാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകം പറയുന്നത്. പക്ഷേ എതിര്‍ ശബ്ദവുമായി ഒരാള്‍ ഇന്നലെ രംഗത്ത് വന്നിരിക്കുന്നു-മറ്റാരുമല്ല, ബാര്‍സിലോണയുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്ന സാവി.
ഇപ്പോല്‍ ഖത്തര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന സാവി പറയുന്നത് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന ആ മല്‍സരത്തില്‍ ജയിക്കേണ്ടത് പി.എസ്.ജിയായിരുന്നു എന്നാണ്. അല്ലെങ്കില്‍ മല്‍സരം 1-1 സമനിലയിലോ 2-2 സമനിലയിലോ അവസാനിക്കേണ്ടിയിരുന്നു. പക്ഷേ ജയിച്ചത് റയലായി പോയി. ഏറ്റവും നല്ല പ്രകടനം നടത്തിയത് നെയ്മറായിരുന്നുവെന്നും സാവി പറയുന്നു. മല്‍സരത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടി എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ എങ്ങനെയായിരുന്നു ആ ഗോള്‍-ഒന്ന് ഒരു പെനാല്‍ട്ടി കിക്ക്. രണ്ടാമത്തേത് കാല്‍മുട്ട് കൊണ്ടുള്ള ഗോള്‍. ഇതിലപ്പുറം ആ മല്‍സരത്തില്‍ അദ്ദേഹം എന്താണ് നേടിയതെന്നാണ് സാവി ചോദിക്കുന്നത്. അതിലും മികച്ച പ്രകടനം നടത്തിയത് നെയ്മറായിരുന്നു. ആ മല്‍സരത്തിലെ താരം ശരിക്കും നെയ്മറാണ്. അദ്ദേഹം രണ്ട് പകുതിയിലും മികച്ച പ്രകടനമാണ് നടത്തിയത്. കൃസ്റ്റിയാനോയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച താരം നെയ്മറാണെന്നും സാവി ആവര്‍ത്തിക്കുന്നു. മനോഹരമായ പ്രത്യാക്രമണങ്ങളാണ് അദ്ദേഹം നടത്തിയത്. എത്രയെത്ര അവസരങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. അതെല്ലാം ഗോളായിരുന്നെങ്കിലോ-സാവിയുടെ ചോദ്യം.