X

വീണ്ടും മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്.

ക്വാര്‍ട്ടറിന്റെ ആദ്യപാദം എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച നിലവിലെ ചാമ്പ്യന്‍മാരായ റയലിനെ സ്വന്തം തട്ടകത്തില്‍ മൂന്നു ഗോള്‍ നേടി ഞെട്ടിച്ച യുവന്റസ് കളി എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകുമെന്നിരക്കെയാണ് ലുക്കാസ് വാസ്‌കസിനെ ഫൗള്‍ ചെയ്തതിന് റയലിന് പൈനാല്‍ട്ടി ലഭിക്കുന്നത്. കിക്ക് എടുത്ത ക്രിസ്റ്റ്യാനോ ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതോടെ യൂറോപ്പില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോയെ തേടിയെത്തിയത്. യുവന്റസിന്റെ പോസ്റ്റില്‍ റൊണാള്‍ഡോയുടെ പത്താം ഗോളായിരുന്നു ഇത്.

 

മത്സരത്തിനു മുമ്പ് ക്രിസ്റ്റ്യാനോയും മെസ്സിയും ഈ നേട്ടത്തിനൊപ്പമായിരുന്നു. ക്രിസ്റ്റ്യാനോ യുവന്റ്‌സിനെതിരെ ഒമ്പതു ഗോള്‍ നേടിയപ്പോള്‍ മെസ്സിയുടെ നേട്ടം ഇംഗ്ലീഷ് ക്ലബായ ആര്‍സനലിനെതിരെയായിരുന്നു. കൂടാതെ 2017-18 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റിയാനോയുടെ മൊത്തം ഗോള്‍ നേട്ടം 15 ആയി ഉയര്‍ന്നു. വെറും പത്തു മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും ഗോള്‍ അടിച്ചു കൂട്ടിയത്. ഇതു മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ പതിനഞ്ച് ഗോള്‍ ക്രിസ്റ്റിയാനോ നേടുന്നത്. മറ്റൊരു കളിക്കാരനും ഒരിക്കല്‍ പോലും ഈ നേട്ടം നേടാനായിട്ടില്ല. കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലും ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ യുവന്റസിനെതിരായ മത്സരത്തില്‍ ഗോളോടെ സ്വന്തമാക്കി.

chandrika: