വെറ്ററന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്‌ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ ഡിയാ പത്രം റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, നിഷേധക്കുറിപ്പുമായി താരം ഉടന്‍ തന്നെ രംഗത്തുവന്നു. രണ്ടു പോയിട്ട് ഒരാളെ പോലും താന്‍ വിവാഹം ചെയ്യുന്നില്ലെന്ന് റൊണാള്‍ഡിഞ്ഞോ വ്യക്തമാക്കി.
വിവാഹവാര്‍ത്ത വ്യാജമാണെന്ന് റൊണാള്‍ഡിഞ്ഞോ സ്ഥിരീകരിച്ചെങ്കിലും താരം ഒരേസമയം രണ്ട് സ്ത്രീകളുമായി പ്രണയത്തിലാണെന്നത് രഹസ്യമല്ല. മാത്രവുമല്ല, മൂവരും താമസിക്കുന്നത് റിയോ ഡി ജനീറോയിലുള്ള താരത്തിന്റെ ആഢംബര വീട്ടിലും. ഈ ‘ബന്ധങ്ങളില്‍’ വിയോജിപ്പു പ്രകടിപ്പിച്ച് റൊണാള്‍ഡിഞ്ഞോയുടെ സഹോദരി പിണങ്ങി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബ്രസീലിയന്‍ ഡാന്‍സര്‍ ജെനാനിയ മെന്‍ഡസുമായി പ്രണയത്തിലായിരുന്ന റൊണാള്‍ഡിഞ്ഞോക്ക് ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്: ജോവോ.
2012-14 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ മിനേറോയില്‍ കളിക്കുമ്പോഴാണ് റൊണാള്‍ഡിഞ്ഞോ പ്രിസ്ചില്ല കൊയ്‌ലോയുമായി പ്രണയത്തിലായത്. ഇതേ ബന്ധം തുടരുമ്പോള്‍ തന്നെ 2016-ല്‍ ബിയാട്രീസ് സൂസയും ‘ഇവരുടെ’ ജീവിതത്തിലേക്ക് കടന്നുവന്നു. പരസ്പരം വിയോജിപ്പോ അസ്വാരസ്യമോ ഇല്ലാത്ത രണ്ട് കാമുകിമാരും കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്. ഇരുവര്‍ക്കും താരം ഓരോ മാസവും 1500 ഡോളര്‍ വീതം ചെലവിനു നല്‍കുന്നുണ്ടെന്ന് ഓ ഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രസീലിലെ നിയമപ്രകാരം ബഹുഭാര്യാത്വവും ഭര്‍തൃത്വവും കുറ്റകരമാണ്. ഒരേസമയം ഒന്നിലധികം പേരുമായി വിവാഹം ചെയ്താല്‍ ആറു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് നിയമം. ജയിലില്‍ കിടക്കേണ്ടി വരുമെന്നതു കൊണ്ടാണോ താരം വിവാഹവാര്‍ത്ത നിഷേധിച്ചത് എന്ന കാര്യം വ്യക്തമല്ല.