X

റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു: വിടവാങ്ങിയത് കാല്‍പ്പന്തുക്കൊണ്ട് കവിത എഴുതിയ ഇതിഹാസം

ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോ ഗൗച്ചോ പെഫ്രഷണല്‍ ഫുട്‌ബോളില്‍ നിന്നു വിടവാങ്ങി. മുപ്പത്തിയേഴുകാരനായ താരം കളി മതിയാക്കുന്നതായി അദ്ദേഹത്തിന്റെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ അസ്സിസ് പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രഗല്‍ഭനായ താരത്തെയാണ് ഇതോടെ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നഷ്ടമാവുന്നത്.

പ്രതിഭയെ ധൂര്‍ത്തടിച്ച കളിക്കാരന്‍ എന്നാവും ചരിത്രം റെണാള്‍ഡീഞ്ഞോയെ രേഖപ്പെടുത്തുക. പച്ചപുല്ലില്‍ കാല്‍പ്പന്തുകൊണ്ട് അയാള്‍ കവിത എഴുതിയപ്പോള്‍ ഗ്യാലറികളും ഫുട്‌ബോള്‍ വിദഗ്ധരും മഹാനെന്നും പ്രതിഭയെന്നും വിളിച്ച് വാനോളമുയര്‍ത്തി. എന്നാല്‍ തന്നിലെ കളിയെ പരിപോഷിപ്പിക്കാതെ നൈറ്റ്പാര്‍ട്ടികള്‍ക്കും ആഢംബര ജീവിതത്തിനും പിന്നാലെ പോയതോടെ കാലുകളിലെ മാന്ത്രിക ചുവടുവെപ്പുകള്‍ അയാളില്‍ നിന്നും പതിയെ അകലുന്നതാണ് പിന്നീട് ഫുട്‌ബോള്‍ ലോകം കണ്ടത്. ഒരുപക്ഷെ നിലവിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേടിയ ബഹുമതികള്‍ക്കപ്പുറം വാരിക്കൂട്ടാനുള്ള കെല്‍പ്പുണ്ടായിരുന്നു അയാളില്‍.

2002 ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരായ മത്സരമാണ് റൊണാള്‍ഡീഞ്ഞോയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ലീഡ് വഴങ്ങിയ ബ്രസീലിനായി മധ്യ നിരയില്‍ വെച്ച് സഹ കളിക്കാരനില്‍ നിന്ന് പന്തു സ്വീകരിച്ച റൊണാള്‍ഡീഞ്ഞോ പന്തുമായി കുതിച്ചപ്പോള്‍ പേരുകേട്ട ഇംഗ്ലീഷ് പ്രതിരോധ നിരക്ക് ഗ്രൗണ്ടില്‍ താളമില്ലാതെയായി. പന്തിനായി എല്ലാവരും റൊണാള്‍ഡീഞ്ഞോ പിന്നാലെ പാഞ്ഞപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റിവാള്‍ഡോക്ക് പാസു നല്‍കി സമനില ഗോളിന് വഴിയൊരുക്കി. രണ്ടാം പകുതിയില്‍ ഡേവിഡ് സീമാന്റെ വലയില്‍ മനോഹരമായ ഫ്രീകിക്കിലൂടെ പന്ത് എത്തിച്ച് ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് അയാള്‍ ഓടികയറുകയായിരുന്നു ഒപ്പം ബ്രസീലിന് സെമി ബെര്‍ത്തും. പോസ്റ്റിന്റെ ഇരുപതുവാര അകലെയുള്ള ഫ്രീകിക്ക് സീമാന്റെ കണക്കുകൂടലുകള്‍ തെറ്റിച്ച് പോസ്റ്റിലേക്ക് ഒരു കരിയില പോലെ വീണപ്പോള്‍ അയാളിലെ പ്രതിഭയെ അളക്കാന്‍ അതുമതിയായിരുന്നു. ആ ഫ്രീകിക്കിനെ ‘കരിയില കിക്ക്’ എന്ന് ഫുട്‌ബോള്‍ ലോകം പിന്നീട് ഓമനിച്ചു പാടി.

2003-ല്‍ ബാര്‍സലോണയില്‍ എത്തിയതോടെയാണ് റൊണാള്‍ഡീഞ്ഞോയുടെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിനു തുടക്കമാവുന്നത്. താരത്തിന്റെ കഴിവ് മുന്‍കൂടി കണ്ട അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റൈക്കാര്‍ഡ് മധ്യനിരയില്‍ താരത്തിന് പൂര്‍ണ സ്വാതന്ത്ര്യം (ഫ്രീ പൊസിഷന്‍ ) അനുവദിച്ചപ്പോള്‍ ബാര്‍സയുടെ ഷെല്‍ഫിലേക്ക് ലാലീഗ, ചാമ്പ്യന്‍ ലീഗ് തുടങ്ങി കിരീടങ്ങള്‍ ഒന്നൊന്നായി എത്തി തുടങ്ങി. സിനദിന്‍ സിദാനും ലൂയിസ് ഫിഗോയും റൊണാള്‍ഡോയും അടക്കമുള്ള ലോകത്തിലെ പ്രഗല്‍ഭരായ വന്‍ താരനിര റല്‍ മാഡ്രിഡ് അണിനിരക്കുമ്പോഴാണ് ബാര്‍സ റൊണാള്‍ഡീഞ്ഞോക്ക് കീഴില്‍ യൂറോപ്പിലെ തന്നെ ശക്തിയാവുന്നത്. ഇതിനിടയില്‍ തുടരെ രണ്ടു വട്ടം ലോക ഫുട്‌ബോളറായി താരത്തെ തെരഞ്ഞെടുത്തു. അന്ന് ആദ്യമായാണ് തുടച്ചയായ രണ്ടു വര്‍ഷങ്ങളില്‍ ഒരു കളിക്കാരന്‍ ലോക ഫുട്‌ബോളര്‍ പട്ടം ചൂടുന്നത്. എന്നാല്‍ 2008-09 സീസണിന്റെ തുടക്കത്തില്‍ ബാര്‍സയുടെ പരിശീല സ്ഥാനത്ത് പെപ് ഗ്വാര്‍ഡിയോള വന്നതോടെ റൊണാള്‍ഡീഞ്ഞോ ക്ലബ് വിട്ടു. അപ്പോഴേക്കും ആരാധക വലയത്തിലും ആഢംബര ജീവിതത്തിലും മതിമറന്ന താരത്തിന്റെ കായികക്ഷമതക്ക് കോട്ടം തട്ടിയിരുന്നു. ബാര്‍സ വിട്ട് ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനിലേക്കായിരുന്നു ഡീഞ്ഞോ പോയത്. എന്നാല്‍ മിലാനില്‍ കാര്യമായ നേട്ടം കൈവരിക്കാനായില്ല തുടര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം ബ്രസീലിലേക്ക് മടങ്ങുകയും ഫഌമെംഗോ, അത്‌ലറ്റികോ മിനീറോ, ക്വെററ്റാരോ, ഫഌമിനീസ് എന്നീ ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്തു. ഇന്ത്യയില്‍ നടന്ന പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലും താരം പന്തുതട്ടിയിരുന്നു.

 

ഒരു കളിക്കാരെന്ന നിലയില്‍ ലോകകപ്പ്, കോണ്‍ഫെഡറേഷന്‍, കോപ അമേരിക്ക, ലാലീഗ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി പ്രമുഖ കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ റൊണാള്‍ഡീഞ്ഞോക്കായിട്ടുണ്ട്.

chandrika: