ബുച്ചറസ്റ്റ്: എംബസി മാറ്റത്തെ ചൊല്ലി രാജിവെച്ച് പുറത്തു പോകാന്‍ റൊമാനിയന്‍ പ്രസിഡന്റ് ക്ലോസ് യോഹാന്നിസിന്‍ പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയോട് ആവശ്യപ്പെട്ടു. റൊമാനിയന്‍ എംബസി ഇസ്രാഈലിലിലെ തെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ നീക്കം. പ്രസിഡന്റ് അറിയാതെയാണ് പ്രധാനമന്ത്രി എംബസി മാറ്റാന്‍ നടപടി സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഓഫീസിന് കളങ്കം വരുത്താതെ പ്രധാനമന്ത്രി പദം ഒഴിയുന്നതാണ് നല്ലതെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു.
എംബസി മാറ്റം സംബന്ധിച്ച് പ്രസിഡന്റ് ക്ലോസ് യോഹാന്നിസിനും പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയും തമ്മില്‍ കൂടികാഴ്ചയ്ക്ക് സമയം നിശ്ചയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി കൂടികാഴ്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ നീക്കം പ്രസിഡന്റിനെ ചൊടിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭരണഘടന ലംഘിച്ചാണ് പ്രധാനമന്ത്രി വിദേശകാര്യ നയങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
എംബസി മാറ്റം ആവശ്യപ്പെട്ടുള്ള മെമോറാണ്ടത്തിന് റൊമാനിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. റൊമാനിയന്‍ നിയമപ്രകാരം പ്രസിഡന്റ് ക്ലോസ് യോഹാന്നിസിന് ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമുള്ളത്. താനുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ സംസാരിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് തങ്ങളുടെ ഇസ്രാഈല്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്കു മാറ്റാനുള്ള തീരുമാനത്തിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയത്.