എം.എം ഹസ്സന്‍
ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനും പെരുമ്പടവം ശ്രീധരനുമൊപ്പം ഞാനും പങ്കെടുത്തു സംസാരിച്ചു. ഒരേ നിയോജക മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി അമ്പതുകൊല്ലം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയെന്ന അപൂര്‍വ്വ അംഗീകാരം ലഭിച്ച, രാജ്യത്തെ കോണ്‍ഗ്രാസ് നേതാവ് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരുമല്ല. പുതുപ്പള്ളിയെന്നത് ഉമ്മന്‍ചാണ്ടിയെന്ന പേരിന്റെ പര്യായമായി. സിനിമയില്‍ പ്രാഞ്ചിയേട്ടന്‍ പറഞ്ഞതുപോലെ, ഉമ്മന്‍ചാണ്ടിയെന്നു പേരുള്ള ഒരേയൊരാള്‍ പുതുപ്പള്ളിക്കാരനായ ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും.
ഉമ്മന്‍ചാണ്ടിയുടെ അസാധാരണ വിജയത്തിന്റെ രഹസ്യമെന്താണ്? പുതുപ്പള്ളിയുടെ വികസനത്തിനും പുരോഗതിക്കുംവേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന എം.എല്‍.എയെന്നതിലുപരിയായി അവിടുത്തെ സര്‍വ്വജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി സുഹൃത്താണ്, സര്‍വ്വസ്വവുമാണ്. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഉമ്മന്‍ചാണ്ടി അവര്‍ക്കൊപ്പമാണ്. പുതുപ്പള്ളിക്കാരുടെ നിത്യജീവിതത്തിലെ ദുരിതമകറ്റാന്‍ അവര്‍ സഹായം തേടിയെത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ അരികിലാണ്.
ഉമ്മന്‍ചാണ്ടിയെ ആര്‍ക്കും എപ്പോഴും കാണാം, എന്തും പറയാം, എന്തു സഹായവും ചോദിക്കാം. ജനപ്രതിനിധിയും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കേരളത്തിലെ ആദ്യത്തെ എം.എല്‍. എ ഉമ്മന്‍ചാണ്ടിയാണെന്ന് ഞാന്‍ വിലയിരുത്തുന്നു. കല്യാണവീട്ടിലും മരണവീട്ടിലും കുടുംബത്തിലെ ഏതു ചടങ്ങിനും ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ അന്നോ പിന്നീടോ ഉമ്മന്‍ചാണ്ടി സാന്നിധ്യംകൊണ്ട് അവരെ അനുഗ്രഹിക്കും. അത് പുതുപ്പള്ളിയില്‍ മാത്രമല്ല; കേരളമൊട്ടുക്ക്.
നിയമസഭയില്‍ പങ്കെടുക്കുകയും വികസനത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന കേരളത്തിലെ എം.എല്‍.എമാര്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ നിര്‍ബന്ധിതരായി. ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനകീയനാവാനും അതുപോലെ ജനസേവനം നടത്താനുമുള്ള ജനകീയ പ്രവര്‍ത്തനശൈലി എം.എല്‍. എമാര്‍ക്ക് സംഭാവന ചെയ്തത് ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയായപ്പോഴും ഇതേ ജനകീയശൈലിയാണ് ഉമ്മന്‍ചാണ്ടി പിന്തുടര്‍ന്നത്. ഭരണത്തലവനും ഭരണീയരുമായുള്ള അകലം കുറച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യങ്ങളും ആവലാതികളും പറയുന്നവര്‍ക്ക് നേരിട്ടുള്ള ഇടപെടലിലൂടെ പരിഹാരവും ആശ്വാസവും നല്‍കിയ ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടി. ഭരണത്തിലെ ചുവപ്പുനാട പൊട്ടിച്ചെറിഞ്ഞുകൊണ്ട്, ‘സര്‍ക്കാര്‍ കാര്യം മുറപോലെയല്ല, അതിവേഗമാണ് നടക്കേണ്ട’തെന്ന് തെളിയിച്ച ഉമ്മന്‍ചാണ്ടിയുടെ ജനകീയ ഭരണശൈലിക്കു കിട്ടിയ അംഗീകാരമാണ് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ്.
ഒരു ഫോണ്‍കോളിലൂടെ എറണാകുളത്ത് ഹൃദയ ശസ്ത്രക്രിയ നടത്തി ഒരു ജീവന്‍ രക്ഷിച്ച സംഭവം ഡോക്ടര്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചത് പത്രങ്ങളില്‍ വായിച്ചവര്‍ മറന്നിരിക്കില്ല. എത്രയെത്ര ഫോണ്‍ കോളുകളിലൂടെ എത്രയെത്ര ജീവനുകള്‍ രക്ഷിച്ചു, എത്രയെത്ര പേരുടെ മോചനം സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതും കേരളീയര്‍ മറന്നിട്ടില്ല. ജനകീയത പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ മനുഷ്യസ്‌നേഹവും. കാരുണ്യവും കരുതലുമാണ് ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ തെളിവുകള്‍. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും അവതാരമാണ് ഉമ്മന്‍ചാണ്ടി. സഹിഷ്ണുതയും സ്‌നേഹവും ദൈവവിശ്വാസവും ലാളിത്യവും വിനയവും എല്ലാം കൂടി ചേരുംപടിചേര്‍ത്ത് ദൈവം സൃഷ്ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് തോന്നിയിട്ടുണ്ട്. വീട്ടിലോ നാട്ടിലോ ഉമ്മന്‍ചാണ്ടി ആരോടും ക്ഷോഭിക്കുന്നതോ, പൊട്ടിത്തെറിക്കുന്നതോ ആരും കണ്ടിട്ടില്ല. എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അക്രമത്തിനും മുമ്പില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സഹിഷ്ണുതയുടെ കൊടുമുടിയിലെത്തിയ ജനാധിപത്യ നായകനാണ്. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിനും രാഷ്ട്രീയത്തിലെ വിജയത്തിനുമുള്ള കാരണങ്ങള്‍.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ജീവിതത്തിലെ വിവിധ മേഖലകളിലെ നേതാക്കള്‍ക്കും ജീവിതവിജയത്തിനു വഴിതേടുന്ന യുവാക്കള്‍ക്കും റോള്‍ മോഡലാക്കാവുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും കഠിനാധ്വാനവും സത്യസന്ധതയും സര്‍വ്വോപരി ദൈവവിശ്വാസവും മനുഷ്യസ്‌നേഹവുമാണ് ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയുടെ, നേതാവിന്റെ, ഭരണാധികാരിയുടെ വിജയത്തിനു പിന്നിലുള്ളത്.