ഫലസ്തീനെ പിന്തുണച്ച് ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഭാര്യ റിതിക സാജ്ദെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഫലസ്തീന് പിന്തുണ നൽകുന്ന ”All Eyes on Rafa” എന്ന പോസ്റ്റ് റിതിക ഷെയർ ചെയ്തത്. റിതിക ഫലസ്തീന് പിന്തുണയറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അവർക്കെതിരായ സൈബർ ആക്രമണവും ശക്തമായി.
എക്സിലായിരുന്നു റിതികയുടെ പോസ്റ്റിനെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. ഇന്ത്യയിലെ പ്രശ്നങ്ങളെ കുറിച്ച് റിതിക പ്രതികരിക്കുന്നില്ലെന്നായിരുന്നു സംഘപരിവാർ അനുകൂലികളുടെ പ്രധാന വിമർശനം. ഗസ്സ എവിടെയാണെന്ന് പോലും റിതികക്ക് അറിയില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം. സൈബർ ആക്രമണം കടുത്തതോടെ പോസ്റ്റ് റിതിക പോസ്റ്റ് ഡിലീറ്റ് ചെയ്തു.
നിരവധി ബോളിവുഡ് സെലിബ്രേറ്റികളാണ് ഫലസ്തീനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. കരീന കപൂർ, അലിയ ഭട്ട്, വരുൺ ധവാൻ, ത്രിപ്തി ദിംറി, സാമന്ത പ്രഭു, ഫാത്തിമ സന ഷെയ്ഖ്, സ്വര ഭാസ്കർ, ദിയ മിശ്ര എന്നിവരെല്ലാം ഫലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇസ്രാഈല്‍ റഫയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ”All Eyes on Rafa” എന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇസ്രാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനായി പലരും ഇത് ഷെയർ ചെയ്തു. കഴിഞ്ഞ ദിവസം റഫയിലെ തമ്പുകളിൽ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.