ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വെച്ച് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി.
രാധിക വെമുലയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ രാധിക വെമുലയുമായി മേവാനി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്തുമെന്നും രാധിക വെമുലയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരത്തില്‍ പങ്കെടുക്കുമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും മേവാനി പറഞ്ഞു. രോഹിത് വെമുല ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മാസങ്ങളോളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്മൃതി ഇറാനി മാനവവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴായിരുന്നു രോഹിതിന്റെ മരണം. ഹൈദരബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിതിന്റെ ആത്മഹത്യ ദളിത് വിഷയമല്ലെന്ന് പറഞ്ഞ സ്മൃതി ഇറാനിക്കെതിരെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.