നാഗ്പൂര്‍: രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ മികച്ച ബൗളിങിലൂടെ ഒമ്പതു വിക്കറ്റിന് 242 റണ്‍സില്‍ ഒതുക്കിയ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്.
ഡേവിഡ് വാര്‍ണറും (53) ആരോണ്‍ ഫിഞ്ചും (32) മികച്ച തുടക്കം നല്‍കിയെങ്കിലും വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാത്തതാണ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിന് തിരിച്ചടിയായത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരം ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രിത് ബുംറയെയും തിരിച്ചുവിളിച്ചപ്പോള്‍ തന്നെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത് എന്നു വ്യക്തമായിരുന്നു.
66 റണ്‍സ് വരെ നീണ്ട ഓസീസ് ഓപ്പണിങ് സഖ്യം ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഫിഞ്ച് കൂറ്റനടിക്കു ശ്രമിച്ചതോടെയാണ് പിളര്‍ന്നത്. 36 പന്തില്‍ ആറ് ഫോറടിച്ച് ഫിഞ്ച് മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു പുറത്താവല്‍. മൂന്നാമനായെത്തിയ സ്റ്റീവ് സ്മിത്തിന് (16) കേദാര്‍ ജാദവിന്റെ അസ്വാഭാവിക ആക്ഷനോടു കൂടിയ ബൗളിങില്‍ അടിപതറിയപ്പോള്‍ വാര്‍ണറെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും (13) തന്റെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഓസീസിനെ നാലിന് 118 എന്ന നിലയിലേക്ക് തള്ളിവിട്ടു. ട്രവിസ് ഹെഡും (42) മാര്‍ക്കസ് സ്‌റ്റോയ്‌നിസും (46) ചേര്‍ന്നാണ് ഈ ഘട്ടത്തില്‍ സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. ഹെഡ്ഡിന്റെ വിക്കറ്റ് തെറിപ്പിച്ച് അക്ഷര്‍ പട്ടേല്‍ ആഞ്ഞടിച്ചപ്പോള്‍ സ്‌റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ബുറം ഓസ്‌ട്രേലിയ വന്‍ സ്‌കോര്‍ നേടില്ലെന്നുറപ്പാക്കി. അവസാന ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും അച്ചടക്കത്തോടെ പന്തെറിഞ്ഞ് അപകടങ്ങളൊഴിവാക്കുകയും ചെയ്തു. കരിയറിലാദ്യമായി ജാദവ് 10 ഓവര്‍ ക്വാട്ട എറിഞ്ഞു തീര്‍ത്തു.
ചെറിയ ടോട്ടല്‍ പ്രതിരോധിക്കേണ്ടി വന്ന ഓസീസിന് അവസരങ്ങള്‍ നല്‍കാതെയാണ് രോഹിത് ശര്‍മ – അജിങ്ക്യ രഹാനെ ഓപണിങ് സഖ്യം ബാറ്റ് വീശിയത്. 23-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഇവര്‍ സ്‌കോര്‍ 124-ലെത്തിയ ശേഷമാണ് പിരിഞ്ഞത്. 74 പന്തില്‍ ഏഴ് ബൗണ്ടറി നേടിയ രഹാനെ (61) കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാമനായിറങ്ങിയ വിരാട് കോഹ്്‌ലിയെ (39) കൂട്ടുപിടിച്ച് ആക്രമണ ബാറ്റിങ് തുടര്‍ന്ന രോഹിത് ശര്‍മ 94 പന്തില്‍ 10 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ സെഞ്ച്വറിയിലെത്തി. കൗള്‍ട്ടര്‍നീലിന്റെ പന്ത് സിക്‌സറിനു പറത്തിയാണ് ശര്‍മ തന്റെ 14-ാം ഏകദിന സെഞ്ച്വറിയിലെത്തിയത്. പിന്നീട് 15 പന്തുകള്‍ കൂടി നേരിട്ട ശര്‍മ രണ്ട് സിക്‌സറുകളും ഒരു ഫോറും കൂടി നേടി.
ഇന്ത്യ ഒമ്പത് വിക്കറ്റിനു ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ആദം സാംപയുടെ ഓവറിലാണ് ഇന്ത്യക്ക് രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും (39) നഷ്ടമായത്. 40-ാം ഓവറിലെ ആദ്യ പന്തില്‍ ശര്‍മയെ കൗള്‍ട്ടര്‍നീല്‍ പിടികൂടിയപ്പോള്‍ നാലാം പന്തില്‍ കോഹ്്‌ലി ബൗണ്ടറിയില്‍ സ്റ്റോയ്‌നിസിന് പിടികൊടുത്ത് മടങ്ങി. പിന്നീട് കേദാര്‍ ജാദവും (5 നോട്ടൗട്ട്) മനീഷ് പാണ്ഡെയും (11) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരമണയിച്ചു.