ഇന്‍ഡോര്‍: അപാര ഫോമിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഇരട്ട ശതകങ്ങളുടെ ലോക റെക്കോര്‍ഡ് കുറിച്ച് ദിവസങ്ങള്‍ പിന്നിടവെ ടി-20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു. കേവലം 35 പന്തില്‍ നിന്ന് മൂന്നക്കം തികച്ച നായകന്റെ വെടിക്കെട്ടില്‍ ഇന്ത്യ സമ്പാദിച്ചത് 260 റണ്‍സ്. മറുപടിയില്‍ കുശാല്‍ പെരേര, ഉപുല്‍ തരംഗ എന്നിവരുടെ വെടിക്കെട്ടിലും ലങ്ക തകര്‍ന്നു. ഇതോടെ മൂന്ന് മല്‍സര ടി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ ഇന്ത്യ 98 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ആഘോഷിച്ചിരുന്നു.
ഇന്‍ഡോറില്‍ ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിംഗിനയച്ചത് വഴി വിഡ്ഡിത്തം കാട്ടിയ ലങ്കന്‍ നായകന്‍ കണ്ടത് സിക്‌സറുകളുടെയും ബൗണ്ടറികളുടെയും രോഹിത് വിളയാട്ടം. തന്റെ ആവനാഴിയിലെ എല്ലാ ഷോട്ടുകളും അനായാസം പായിച്ച നായകന്‍ 43 പന്തില്‍ 118 റണ്‍സ് നേടി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 165 ല്‍ എത്തിയിരുന്നു-അതും പതിമൂന്നാം ഓവറില്‍. പത്ത് കൂറ്റന്‍ സിക്‌സറുകളാണ് രോഹിത് പായിച്ചത്. പന്ത്രണ്ട് കനമുള്ള ബൗണ്ടറികളും. രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത രാഹുലും മോശമാക്കിയില്ല-89 റണ്‍സ്. തമിഴ്‌നാട്ടുകാരനും സിക്‌സര്‍ വേട്ടയില്‍ നായകന് അരികിലെത്തി-എട്ടെണ്ണം. ബൗണ്ടറികള്‍ അഞ്ച്. മൂന്നാം നമ്പറില്‍ വന്നത് മഹേന്ദ്രസിംഗ് ധോണി. 21 പന്തില്‍ 28 റണ്‍സാണ് മഹി നേടിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ പതറിയത് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ ശ്രേയാസ് അയ്യര്‍ മാത്രമാണ്. ലങ്കന്‍ ബൗളര്‍മാരെല്ലാം അടി വാങ്ങി. ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റ് നേടാന്‍ 61 റണ്‍സ് വഴങ്ങി.അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്യാന്‍ ബാധ്യസ്ഥരായ ലങ്കക്കായി ഡിക്കി വാലയും ഉപുല്‍ തരംഗയും വേഗത കുറച്ചില്ല. അഞ്ചാം ഓവറില്‍ ഉനദക്തിന്റെ പന്തില്‍ ഡിക്കി വാല പുറത്തായെങ്കിലും പകരമെത്തിയ കുശാല്‍ പെരേര തരംഗക്ക് നല്ല പിന്തുണ നല്‍കി.