X

‘രോഹിത്തിന് ഇന്ത്യയേക്കാള്‍ വലുത് ഐപിഎല്‍’; വിവാദം പുകയുന്നു

മുംബൈ: പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ബിസിസിഐയും സിലക്ടര്‍മാരും ഒഴിവാക്കിയ രോഹിത് ശര്‍മ, ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയതില്‍ വിവാദം പുകയുന്നു. രോഹിത് കളത്തിലിറങ്ങുന്നതിനെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് (ബിസിസിഐ) സൗരവ് ഗാംഗുലിയും നിരുത്സാഹപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ താരം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തീര്‍ത്തും അപ്രധാനമായ മത്സരമായിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളത്തിലിറങ്ങിയതാണ് വിവാദമായത്.

ഇതോടെ, പണമൊഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) താരങ്ങള്‍ ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം നല്‍കുന്നതായുള്ള വിമര്‍ശനം ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതിനേക്കാള്‍ രോഹിത് ശര്‍മയ്ക്ക് പ്രധാനം ഐപിഎലും അതില്‍നിന്ന് കിട്ടുന്ന വരുമാനവുമാണോയെന്ന ചോദ്യമുയര്‍ത്തി മുന്‍ താരവും സിലക്ടറുമായ ദിലീപ് വെങ്‌സര്‍ക്കാര്‍ രംഗത്തെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളും നാലു ടെസ്റ്റുകളും കളിക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്നാണ് രോഹിത്തിനെ പൂര്‍ണമായി ഒഴിവാക്കിയത്. പരുക്കിനെ തുടര്‍ന്നാണ് ഇതെന്ന് വിശദീകരണം വന്നെങ്കിലും രോഹിത് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയതാണ് വിവാദമായത്. രോഹിത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

 

Test User: