X

രോഹിത് മടങ്ങിയെത്തും വരെ ഓപ്പണറായി തുടരും, ടീമിനെ സന്തുലിതമാക്കും:കോലി

നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ഞാന്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഓപ്പണിങ്ങിനെക്കുറിച്ച് ധാരണയുണ്ട്. അതിനാലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഓപ്പണ്‍ ചെയ്തത്. താന്‍ ഓപ്പണിങ്ങിന് ഇറങ്ങിയാല്‍ അത് ടീമിനെ സന്തുലിതമാക്കുമെന്നും കൊഹ്‌ലി പറയുന്നു. താന്‍ ഓപ്പണറായി ഇറങ്ങുന്നതിലൂടെ മധ്യനിരയില്‍ അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താം. സുരേഷ് റെയ്‌നയെ പോലുള്ള താരങ്ങള്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ്. മുമ്പ് പരിചയമില്ലാത്ത ഒരാളോട് ഓപ്പണിങ്ങിന് ഇറങ്ങണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും അത് നീതിയുക്തമല്ലെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു. രോഹിത് ടീമിലുണ്ടെങ്കില്‍ രാഹുലിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണമെന്ന ചോദ്യത്തിനേ ഇടമില്ല. ഓപ്പണറായി ഇറങ്ങണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. മൂന്നാം സ്ഥാനമാണ് എന്റെ ബാറ്റിങ്ങ് പൊസിഷന്‍. ടീം മാനേജ്‌മെന്റ് പറയുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ടീം കൂടുതല്‍ സ്ഥിരത ആവശ്യപ്പെടുന്നുണ്ട്. ഓപ്പണര്‍മാരുടെ ബാറ്റില്‍ നിന്നും റണ്‍സൊഴുകണമെന്ന് എല്ലാ ടീമുകളും ആഗ്രഹിക്കും. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതത്ര എളുപ്പമല്ല. മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തവരാണ് നമ്മുടെ ഓപ്പണര്‍മാര്‍. അതിനാല്‍ അവരെ ടീം ഇന്ത്യ പിന്തുണയ്ക്കുമെന്നും കോലി വ്യക്തമാക്കി. രോഹിത്തിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ കെഎല്‍ രാഹുലിനൊപ്പം കോലിയാണ് ഓപ്പണിങ്ങിന് ഇറങ്ങിയിരുന്നത്. മോശം ഫോമിലായതിനാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

chandrika: