X

ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പര ഇന്ന് മുതല്‍;പരീക്ഷണങ്ങള്‍ക്കില്ലെന്ന് രോഹിത്‌

കൊല്‍ക്കത്ത: വിന്‍ഡീസിനെതിരായ മൂന്ന് മല്‍സര ടി-20 പരമ്പര ഇന്ന് ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കുന്നു- പരീക്ഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ആസന്നമായ ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച സംഘത്ത വാര്‍ത്തെടുക്കുകയാണ് പ്രധാനം. ടീമിലെ ദ്വാരങ്ങള്‍ അടക്കണം. അതിനുള്ള വഴികളാണ് ആലോചിക്കുന്നത്. നിലവിലുള്ള സംഘത്തിലുള്ളവരെ തന്നെ ഇതിനായി ഉപയോഗപ്പെടുത്തും. ഇതിന് ചിലപ്പോള്‍ സമയമെടുത്തേക്കാം. അതില്‍ പ്രയാസങ്ങളില്ല. ഇപ്പോള്‍ ടീമിലുള്ള പലരും യുവത്വമാണ്. അവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയിട്ടില്ല. എല്ലാവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കും. ഇത് വഴി ടീമിലെ ദൗര്‍ബല്യങ്ങള്‍ അകറ്റും- നായകന്‍ നയം വ്യക്തമാക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മുന്നിലാണ് വാതില്‍ അടയുന്നത്. സമീപ കാലത്തായി ഇന്ത്യന്‍ ടി-20 സംഘത്തില്‍ ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി യുവതാരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. ഇനിയും ആ പരീക്ഷണ സംഘത്തിലേക്ക് താരങ്ങള്‍ വേണ്ട എന്ന നിലപാട് പറയുമ്പോള്‍ രോഹിത് ഒരു കാര്യം ശ്രദ്ധിച്ചു-ഇത് എന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടാണ്.

ഇന്ന് ആരംഭിക്കുന്ന പരമ്പരയില്‍ കെ.എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ സേവനം ടീമിനില്ല. രണ്ട് പേര്‍ക്കും ഏകദിന പരമ്പരക്കിടെ പരുക്കേറ്റിരുന്നു. സുന്ദര്‍ കളിക്കാത്ത സാഹചര്യത്തില്‍ യുസവേന്ദ്ര ചാഹലിനൊപ്പം കുല്‍ദിപ് യാദവ് ടീമിലെത്താനാണ് സാധ്യത. രണ്ട് പേരും ഒരുമിച്ച് പന്തെറിയുമ്പോള്‍ പലപ്പോഴും അത് ടീമിന് മുതല്‍കൂട്ടായിട്ടുണ്ടെന്നും ഇവര്‍ക്ക് ടീമിന്റെ സജീവ പിന്തുണയുണ്ടെന്നും രോഹിത് വ്യക്തമാക്കി. ഹാര്‍ദിക് പാണ്ഡ്യയെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ടീമിലെ പ്രധാന താരമാണെന്നും രോഹിത് പറഞ്ഞു.

യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ സംഘത്തില്‍ അംഗമായിട്ടില്ല ഹാര്‍ദിക്. പുറം വേദന അലട്ടുന്നതിനാല്‍ അദ്ദേഹം ചികില്‍സയിലുമാണ്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിന്നും ഹാര്‍ദിക് പിന്മാറിയ സാഹചര്യത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് അദ്ദേഹം മാറുന്നതായും സൂചനയുണ്ട്. ഐ.പി.എല്‍ മികവില്‍ ടീമിലെത്തിയ വെങ്കടേഷ് അയ്യരെ ഓപ്പണറാക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഐ.പി.എല്‍ മികവ് ദേശീയ ക്യാമ്പില്‍ പരിഗണിക്കാറില്ലെന്ന് രോഹിത് വ്യക്തമാക്കി. രണ്ട് മാസക്കാലമാണ് ഐ.പി.എല്‍. ബാക്കി പത്ത് മാസം ഞങ്ങള്‍ രാജ്യത്തിനായാണ് കളിക്കാറ്. അതിനാല്‍ രാജ്യതാല്‍പ്പര്യമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടി-20 ക്രിക്കറ്റില്‍ വിന്‍ഡീസ് ശക്തരാണ്. ഈയിടെ ഇംഗ്ലണ്ടിനെതിരായ പഞ്ച മല്‍സര പരമ്പരയില്‍ അവര്‍ 3-2 ന് ജയിച്ചിരുന്നു. കിരണ്‍ പൊലാര്‍ഡ് നയിക്കുന്ന സംഘത്തില്‍ നിക്കോളാസ് പുരാന്‍, ജെയ്‌സണ്‍ ഹോള്‍ഡര്‍ തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. മല്‍സരം രാത്രി 7-00 മുതല്‍.

Test User: