X

രോഹിതും സംഘവുമെത്തി; ഗ്രീന്‍ഫീല്‍ഡ് നാളെ ബ്ലു

തിരുവനന്തപുരം: ഗ്രീന്‍ ഫീല്‍ഡിലെ പറക്കും വിക്കറ്റില്‍ നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആവേശപ്പോര്. ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിനായി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ താരങ്ങള്‍ തലസ്ഥാനത്ത് വിമാനമിറങ്ങിയതോടെ ആരാധകര്‍ നിറഞ്ഞ ആവേശത്തിലാണ്. ഹൈദരാബാദില്‍ നിന്നും ഇന്നലെ 4.30 നെത്തിയ വിമാനത്തിലാണ് ടീം ഇന്ത്യ എത്തിയത്. പ്രിയ താരങ്ങളെ കണ്ട ആരാധകര്‍ ജയ് വിളികളോടെയാണ് സ്വീകരിച്ചത്. ആരാധകരുടെ വലിയ നിരതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. വിരാത് കോലിയും രോഹിത് ശര്‍മ്മയുമെല്ലാം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍ ആരാധകര്‍ ആരവം മുഴക്കി.

മലയാളി താരം സഞ്ജുസാംസണും ആരാധകര്‍ ജയ് വിളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും നൂറുകണക്കിന് ക്രിക്കറ്റ്‌പ്രേമികളും ചേര്‍ന്ന് താരങ്ങളെ സ്വാഗതം ചെയ്തു. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസമൊരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. അതേസമയം മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. അവര്‍ ഇന്നലെ പരിശീലനത്തിനിറങ്ങി. മൂന്ന് വര്‍ഷത്തിനു ശേഷം ഗ്രീന്‍ഫീല്‍ഡില്‍ എത്തിയ അന്താരാഷ്ട്ര മത്സരം നഗരത്തെയാകെ ഉണര്‍ത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍ അനന്തപദ്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. രണ്ടാം ട്വന്റി 20 ഒക്‌ടോബര്‍ രണ്ടിന് ആസാമിലെ ഡോ.ഭൂപന്‍ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലും നടക്കും.

സൗരവ് ഗാംഗുലി സ്‌റ്റേഡിയത്തിലെത്തും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നാളെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരം കാണാന്‍ ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി സ്‌റ്റേഡിയത്തിലെത്തും. ഇന്ത്യ ദര്‍ശിച്ച മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനാണ്. അടുത്ത മാസം ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി നടക്കാനിരിക്കെ ഒരിക്കല്‍ കൂടി അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ സ്ഥാനത്തേക്കും കൊല്‍ക്കത്തക്കാരന്റെ പേര് ഉയരുന്നുണ്ട്. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമാണ് ഗ്രീന്‍ഫീല്‍ഡില്‍ എത്തുക.

Test User: