ധാക്ക: മ്യാന്മര്‍ സേനയുടെ കിരാതമുഖം നേരില്‍ കണ്ട റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളില്‍ ഒരാളാണ് റാഷിദ. ഒമ്പതു ദിവസം മുമ്പ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തക കെയ്റ്റി അര്‍ണോള്‍ഡുമായി പങ്കുവെച്ചത് ഭീകരമായ കഥകളായിരുന്നു.
മ്യാന്മര്‍ സേന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ നിമിഷങ്ങള്‍ റാഷിദ കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഗ്രാമത്തിലേക്ക് കടന്ന ഉടന്‍ സൈന്യം വെടിവെപ്പ് തുടങ്ങി. പരിഭ്രാന്തരായ റാഷിദയും ഭര്‍ത്താവും മൂന്ന് കുട്ടികളെയും നെഞ്ചോടു ചേര്‍ത്ത് തൊട്ടടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. കുട്ടികളുടെ കരച്ചില്‍ കേട്ട് പട്ടാളക്കാര്‍ തങ്ങളെ കണ്ടുപിടിക്കുമോ എന്നുപോലും റാഷിദ ഭയന്നു. വെടിയൊച്ച നിലച്ച് മണിക്കൂറുകള്‍ക്കുശേഷം വീട് പരിശോധിക്കാന്‍ പോയ റാഷിദ ഗ്രാമത്തില്‍ കണ്ടത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളാണ്. കാട്ടില്‍നിന്ന് അവര്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തി ലക്ഷ്യമാക്കി നടന്നു. ദിവസങ്ങള്‍ നീണ്ട യാത്ര. കുട്ടികള്‍ വിശന്നു കരഞ്ഞു. അവര്‍ക്ക് നല്‍കാന്‍ ഇലകളല്ലാതെ മറ്റൊന്നും റാഷിദയുടെയും ഭര്‍ത്താവിന്റെയും കൈയിലുണ്ടായിരുന്നില്ല. കുട്ടികള്‍ ഭക്ഷണം ചോദിച്ചുകൊണ്ടേയിരുന്നു.
ഗ്രാമത്തില്‍നിന്ന് ഓടിപ്പോരുമ്പോള്‍ ജീവന്‍ കിട്ടണമെന്ന് മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എട്ടു ദിവസം നടന്നാണ് അതിര്‍ത്തിയില്‍ എത്തിയത്. ഒരു ചെറിയ ബോട്ടില്‍ കയറി ബംഗ്ലാദേശിലേക്ക് യാത്ര തിരിച്ചു. ബോട്ട് മുങ്ങുമോ എന്നുപോലും ഭയന്നു. റാഷിദ കുട്ടികളെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. ഒരുവിധം ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയെങ്കിലും റാഷിദക്ക് സന്തോഷമില്ല.
വീടും കൃഷിഭൂമിയും വളര്‍ത്തുമൃഗങ്ങളേയും ഉപേക്ഷിച്ചാണ് അവര്‍ ഓടിപ്പോന്നത്. അവക്കെല്ലാം എന്തു സംഭവിച്ചുവെന്ന് അറിയില്ല. മ്യാന്മര്‍ സേന ഉദ്ദേശിച്ചതും അതു തന്നെ.
റോഹിന്‍ഗ്യകളെ കൂട്ടത്തോടെ ആട്ടിയോടിച്ച് റാഖിന്‍ സ്‌റ്റേറ്റില്‍ വംശീയ ശുദ്ധിവരുത്തുക. ഭാവി എന്താകുമെന്ന് റാഷിദക്ക് അറിയില്ല. ഒരുകാലത്ത് സമാധാനം കളിയാടിയിരുന്ന സ്വന്തം ഗ്രാമത്തില്‍നിന്ന് കുട്ടികളോടൊപ്പം അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുട്ടില്‍ പ്രതീക്ഷയുടെ കണിക പോലും കാണാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ക്യാമ്പില്‍ തങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് റാഷിദ പരാതിപ്പെടുന്നു. ബംഗ്ലാദേശികള്‍ ദയയുള്ളവരാണ്. അവര്‍ ഭക്ഷണവും വസ്ത്രവും തരുന്നുണ്ട്.
അന്താരാഷ്ട്ര സംഘടനകളെയൊന്നും കാണാനില്ല. വിശപ്പടക്കാന്‍ ഭക്ഷണമാണ് അവര്‍ക്ക് വേണ്ടത്. ലോകത്തോട് റാഷിദക്ക് ആവശ്യപ്പെടാനുള്ളത് സമാധാനം മാത്രമാണ്. സമാധാനമില്ലാതെ ഭാവിയില്ലെന്നും അവര്‍ അര്‍ണോള്‍ഡിനോട് പറഞ്ഞു.
- 7 years ago
chandrika
Categories:
Video Stories
റോഹിന്‍ഗ്യ കൂട്ടക്കുരുതിക്ക് ദൃക്‌സാക്ഷിയായി റാഷിദ
Tags: Rohinkya