ലണ്ടന്‍: മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകളെ സൈന്യം വേട്ടയാടുമ്പോള്‍ കാഴ്ചക്കാരിയായി നില്‍ക്കുകയും കൂട്ടക്കുരുതികളെ ന്യായീകരിക്കുകയും ചെയ്ത സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ഛായാ ചിത്രം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കോളജ് നീക്കം ചെയ്തു.
സൂകി ബിരുദ പഠനം നടത്തിയ കോളജിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ഛായാ ചിത്രമാണ് നീക്കം ചെയ്തത്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട്് സൂകിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഛായാചിത്രം മാറ്റിയതിന് പിന്നിലുള്ള ശരിയായ കാരണം അധികാരികള്‍ വ്യക്തമാക്കിയിട്ടില്ല.
റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളാണ് ഇതിനു പിന്നിലെന്ന് പൊതുവെ വിലയിരുത്തുന്നു. 1967ല്‍ സെന്റ് ഹഫ് കോളിലാണ് സൂകി തത്വശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം പൂര്‍ത്തിയാക്കിയത്. 1999 മുതല്‍ കോളജിന്റെ പ്രവേശന കവാടത്തില്‍ സൂകിയുടെ ഛായാ ചിത്രം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം സൂകിയുടെ ഛായാചിത്രം മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിരോ തകാഡ വരച്ച പുതിയ ചിത്രം സ്ഥാപിക്കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സെന്റ് ഹഫ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. വംശീയ ഉന്മൂലനമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിയെ അപലപിക്കാന്‍ സൂകി ഇതുവരെയും തയാറായിട്ടില്ല.
നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും അഞ്ചു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്ത സൈനിക നടപടിയെ പരോക്ഷമായി ന്യായീകരിക്കാനായിരുന്നു അവരുടെ ശ്രമം. ഇതേ തുടര്‍ന്ന് സൂകിയില്‍നിന്ന് സമാധാന നൊബേല്‍ തിരിച്ചുവാങ്ങണമെന്ന ആവശ്യവും അന്താരാഷ്ട്രതലത്തില്‍ ശക്തമായിട്ടുണ്ട്. ഛായാചിത്രം നീക്കിയ ഓക്‌സ്ഫഡ് സര്‍വകലാശാല അധികാരികളെ ബ്രിട്ടനിലെ ബര്‍മ ക്യാമ്പയിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സ്വാഗതം ചെയ്തു. ധീരമായ തീരുമാനമെന്നാണ് ബര്‍മ ക്യാമ്പയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്.
- 7 years ago
chandrika
Categories:
Video Stories
റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതി സൂകിയുടെ ചിത്രം ഓക്‌സ്ഫഡ് നീക്കി
Tags: aung san suu kyi