മുംബൈ: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ അടക്കമുള്ള പ്രതികളെ വെറുതെവിടുമ്പോള്‍ ഹിന്ദുത്വവാദികള്‍ പ്രതികളായ കേസുകളില്‍ എന്‍.ഐ.എ ഒത്തുകളിക്കുന്നുവെന്ന മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്റെ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ സര്‍ക്കാറിനുവേണ്ടി എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് 2015ല്‍ രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയിരുന്നു. 2015 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാറിന്റെ ദൂതനായി എത്തിയ എന്‍.ഐ.എ ഉന്നത ഉദ്യോഗസ്ഥന്‍ എന്‍.ഐ.എ മുംബൈ എസ്.പി സുഹാസ് വര്‍കെ ആണെന്ന് പിന്നീട് അവര്‍ വെളിപ്പെടുത്തിയിരുന്നു. എന്‍.ഐ.എ കേസുകള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ ഭാഗമാണ് സാലിയാന്റെ സത്യവാങ്മൂലം. ഇതേതുടര്‍ന്ന് രോഹിണി സാലിയാനെ കേസില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.
2008 മലേഗാവ് സ്‌ഫോടന കേസില്‍ ഹേമന്ത് കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസ് നടത്തിയ അന്വേഷണമാണ് രാജ്യത്തെ നടുക്കിയ വിവിധ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. മക്ക മസ്ജിദ് കേസില്‍ അസിമാനന്ദ അറസ്റ്റിലായതോടെ മുന്‍ സിമി പ്രവര്‍ത്തകര്‍ അറസ്റ്റിലായ മറ്റ് സ്‌ഫോടനങ്ങളും സംഘപരിവാര്‍ സംഘടനകളാണ് നടത്തിയതെന്ന് വ്യക്തമായി. മോഹന്‍ ഭാഗവത്, ഇന്ദ്രേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വാമി അസിമാനന്ദ വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു.