X

ഡല്‍ഹിയിലെ ആശ്രമത്തില്‍ റെയ്ഡ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ അന്തേവാസികളായ സ്ത്രീകളും പെണ്‍കുട്ടികളും ദയനീയ സാഹചര്യത്തിലാണ് ജീവിച്ചിരുന്നതെന്ന് കണ്ടെത്തി. സ്ത്രീകളെയും കുട്ടികളെയും തടവിലിട്ടാണ് ലൈംഗിക പീഡനത്തിന് വിധേയരാക്കിയിരുന്നത്. വളരെ മോശമായ ചുറ്റുപാടിലാണ് നൂറു കണക്കിന് സ്ത്രകളും കുട്ടികളും ഇവിടെ ജീവിതം കഴിച്ചുതീര്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തെളിഞ്ഞിട്ടുണ്ട്. മൃഗങ്ങളെ വളര്‍ത്തുന്നത് പോലെ ചെറിയ കൂടുകളിലാണ് പലരെയും താമസിപ്പിച്ചിരുന്നത്. എളുപ്പം രക്ഷപ്പെടാന്‍ കഴിയാത്ത വിധമുളള വാതിലുകലാണ് ഓരോ മുറിയെയും വേര്‍തിരിച്ചിരുന്നത്. 25 വര്‍ഷമായി നരകയാതന അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് ചാടാതിരിക്കാന്‍ വലിയ മതിലുകെട്ടി മുള്‍വേലിയും സ്ഥാപിച്ച നിലയിലാണ് ആശ്രമം പ്രവര്‍ത്തിച്ചു വരുന്നത്.

ആശ്രമത്തിലെ പല അന്തേവാസികള്‍ക്കും മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി കണ്ടെത്തി. ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ ആശ്രമത്തിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ആശ്രമം ഇവിടെ പ്രവര്‍ത്തിക്കുന്നു.

ആശ്രമത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്യായമായി തടവില്‍ വെക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ട സന്നദ്ധ സംഘടന കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ആശ്രമത്തില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടുകയായിരുന്നു.

കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തില്‍ പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ ആശ്രമ അന്തേവാസികള്‍ കൈയേറ്റം ചെയ്യുകയും ഒരു മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം കോടതിയെ അറിയിച്ചു. നൂറോളം പെണ്‍കുട്ടികളെ തടവിലാക്കിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും സംഘം കോടതിയെ അറിയിച്ചു.

തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറിയ കോടതി അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കാനും സി.ബി.ഐക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

chandrika: