X

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്‍.എസ്.എസ്

ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്‍.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്‍.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.

റോഹിന്‍ഗ്യകളുടെ മറവില്‍ നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്‍ റോഹിന്‍ഗ്യകളെ പൂര്‍ണമായും കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്‍ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്‍ അപകടത്തിലാക്കുമെന്നും മുന്‍ സൈനിക ഓഫീസര്‍ കൂടിയായ ഇയാള്‍ പറഞ്ഞു. റോഹിന്‍ഗ്യകളെ കശ്മീരില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥക്ക് കാരണം യു.പി.എ സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കോടതിയുടെ ഇടപെടല്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്‍മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ കോടതി ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്‍ ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്‍ലമെന്റ് നിയമം പാസാക്കാത്തതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ലങ്കന്‍ അഭയാര്‍ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്‍ കരാര്‍ പ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

chandrika: