വത്തിക്കാന്‍ സിറ്റി: മ്യാന്മറില്‍ വേട്ടയാടപ്പെടുന്ന റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ പ്രശ്‌നത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെടുന്നു. റോഹിന്‍ഗ്യ മുസ്്‌ലിം പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ 26ന് മാര്‍പാപ്പ മ്യാന്മറിലെത്തും.
ബുദ്ധ സന്യാസിമാരെയും പട്ടാള ജനറല്‍മാരെയും സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയേയും അദ്ദേഹം കാണും. അഞ്ചു ലക്ഷത്തിലേറെ റോഹിന്‍ഗ്യ മുസ്്‌ലിം അഭയാര്‍ത്ഥികള്‍ തമ്പടിച്ചിരിക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ രണ്ടു വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിനിടെ മ്യാന്മറിലെയും ബംഗ്ലാദേശിലെയും സമൂഹ പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പങ്കെടുക്കും.
റോഹന്‍ഗ്യ പ്രശ്‌നത്തില്‍ മ്യാന്മര്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുസ്്‌ലിം വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതെന്ന് മാര്‍പാപ്പ നേരത്തെ പറഞ്ഞിരുന്നു. അതേസമയം മ്യാന്മറിന്റെ ആഭ്യന്തര വിഷയമെന്നതില്‍ കവിഞ്ഞ് മേഖലയിലെ മഹാവിപത്തായി മാറിയിരിക്കുകയാണ് റോഹിന്‍ഗ്യ പ്രശ്‌നമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ബംഗ്ലാദേശില്‍ കഴിയുന്ന അഞ്ചു ലക്ഷത്തിലേറെ റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ മ്യാന്മറിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് വിദേശകാര്യ മന്ത്രി എ.എച്ച് മഹ്മൂദ് അലി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 25ന് ആരംഭിച്ച സൈനിക നടപടിയെത്തുടര്‍ന്ന് ബംഗ്ലാദേശിലേക്കുള്ള റോഹിന്‍ഗ്യ കൂട്ടപലായനം ഇപ്പോഴും തുടരുകയാണ്. മ്യാന്മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 3000 റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 284 മുസ്്‌ലിം ഗ്രാമങ്ങള്‍ സൈന്യം ഇടിച്ചുനിരത്തി.