യാങ്കൂണ്‍: മ്യാന്മറില്‍ അടിച്ചമര്‍ത്തപ്പെട്ട റോഹിന്‍ഗ്യാ മുസ്്‌ലിംകളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉന്നത യു.എന്‍ ഉദ്യോഗസ്ഥയെ ഐക്യരാഷ്ട്രസഭ പദവിയില്‍നിന്ന് നീക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളെ ഗൗരവത്തോടെ കാണുന്നതില്‍ റെനാറ്റ ലോക് ഡെസാലിയന്‍സ് പരാജയപ്പെട്ടതായി യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്മറില്‍ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായിരിക്കുകയാണെന്ന് യു.എന്‍ രേഖകളും വ്യക്തമാക്കുന്നു. കനേഡിയന്‍ പൗരയായ റെനാറ്റയെ മാറ്റുമെന്ന് യു.എന്‍ വക്താവ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷാവസാനം മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മേഖലകളില്‍ കൂട്ടക്കുരുതികളും ബലാത്സംഗങ്ങളും നടത്തിയതിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ പലായനം ചെയ്തിരുന്നു. അപ്പോഴെല്ലാം മ്യാന്മറിലെ യു.എന്‍ സംഘം മൗനം പാലിക്കുകയാണുണ്ടായത്. സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പോലും റെനാറ്റയും അവരുടെ വക്താവും തയാറായില്ല. കലാപ ഭൂമി സന്ദര്‍ശിച്ച ശേഷമുള്ള റെനാറ്റുടെ പെരുമാറ്റം ഏറെ അപലപനീയമായിരുന്നു. സന്ദര്‍ശന വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്യാനോ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനോ അവര്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. പല സുപ്രധാന യോഗങ്ങളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെ മനപ്പൂര്‍വം അകറ്റിനിര്‍ത്തി. മ്യാന്മറിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്നതിനുപകരം ഭരണകൂടവുമായി കൈകോര്‍ക്കുകയാണ് റെനാറ്റയും സംഘവും ശ്രമിച്ചത്. വികസന പദ്ധതികളെക്കുറിച്ച് മാത്രം സംസാരിച്ച അവര്‍ റോഹിന്‍ഗ്യകള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഗൗനിച്ചതേയില്ല. ഇപ്പോള്‍ അവധിയിലുള്ള റെനാറ്റയെ കാലാവധി തീരുന്നതിനുമുമ്പു തന്നെ തിരിച്ചുവിളിക്കുമെന്ന് യു.എന്‍ വൃത്തങ്ങള്‍ പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories