X

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം; ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്നവാശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തന്നെ നല്‍കിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച് പരിഗണിക്കുക. അഭയാര്‍ത്ഥികളെ സംരക്ഷിക്കേണ്ട കടമ ഭരണ ഘടനപരമായും ഐക്യ രാഷ്ട്രസഭയുടെ ഉടമ്പടികള്‍ പ്രകാരവും ഇന്ത്യക്കുണ്ട്.

അതിനാല്‍ ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയക്കുന്നത് തടയണമെന്നതാണ് ഹരജിയിലെ ആവശ്യം. നാല്‍പത്തിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ പകുതിയോളം പേര്‍ യുഎന്‍എച്ച്ആര്‍സിയുടെ അഭയാര്‍ത്ഥി കാര്‍ഡുള്ളവര്‍ ആണ്. ഇവരെയടക്കം നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അടുത്തിടെ പറഞ്ഞിരുന്നു.

അതേ സമയം മ്യാന്മറിലെ റാഖിനില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യ മുസ്ലിംകളുടെ ഒഴുക്ക് തുടരുന്നു. വീടും സ്വത്തുവകകളും ഉപേക്ഷിച്ച് 75,000ത്തോളം പേര്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്നതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് യു.എന്‍ വൃത്തങ്ങള്‍ പറയുന്നു. ആഗസ്ത് 25ന് മ്യാന്മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിന്‍ഗ്യകളുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.

ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സംഘങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വക്താവ് വിവിയന്‍ ടാന്‍ പറഞ്ഞു. പട്ടാളക്കാര്‍ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തുന്ന ദുരന്ത ദൃശ്യങ്ങള്‍ നേരില്‍ കാണേണ്ടിവന്ന അവര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപ ഭൂമിയില്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. വെടിവെപ്പില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിച്ചാണ് ഓടിപ്പോന്നതെന്ന് ടാന്‍ പറയുന്നു. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ സൈനികര്‍ വീടുകള്‍ വളഞ്ഞ് കണ്ണില്‍ കണ്ടവരെ മുഴുവന്‍ വെടിവെച്ചു കൊല്ലുകയാണ്. മൂവ്വായിരത്തോളം വീടുകള്‍ സൈനികര്‍ ചുട്ടെരിച്ചുവെന്നാണ് കണക്ക്. ശനിയാഴ്ച ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ വെടിയേറ്റ പരിക്കുകളോടെ എത്തിയ അമ്പതിലേറെ അഭയാര്‍ത്ഥികളെ ആസ്പത്രിയിലേക്ക് മാറ്റി.

chandrika: