ന്യുഡല്‍ഹി: ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ബംഗ്ലാദേശ് അതില്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് മുപ്പതിനായിരത്തോളം റോഹിങ്യന്‍ അഭയാര്‍ഥികള്‍. നൂറ് കണക്കിന് റോഹിങ്യന്‍സിനെ കൊന്നു തള്ളിയ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരമായ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയവരാണ് ബംഗ്ലാദേശ് ബോര്‍ഡറില്‍ കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള നാഫ് നദി കടക്കാനാവാതെ വരികയും സൈനിക നടപടി കാരണം തിരിച്ച് നാട്ടിലേക്ക് പോവാനാവാത്തതുമാണ് അഭയാര്‍ഥികള്‍ മൗങ്‌ഡോ ടൗണ്‍ഷിനടുത്ത പ്രദേശത്ത് അകപ്പെടാന്‍ കാരണം.
മ്യാന്‍മര്‍ സൈന്യത്തിന്റെ കൂട്ടക്കുരുതിയില്‍ രക്ഷതേടി 75,000ത്തോളം റോഹിങ്ക്യകള്‍ മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ആഗസ്റ്റ് 25ന് റോഹിങ്ക്യകള്‍ക്കുനേരെ വീണ്ടും കലാപം തുടങ്ങിയതിനുശേഷമാണിത്. 73,000 ആളുകള്‍ ബംഗ്ലാദേശ് അതിര്‍ത്ഥി കടന്നതായി യു.എന്‍.എച്ച്.സി.ആര്‍ വക്താവ് വിവിയന്‍ ടാന്‍ അറിയിച്ചു. പലരും ക്ഷീണിതരാണ്. ദിവസങ്ങളായി അവര്‍ ഭക്ഷണം കഴിച്ചിട്ട്. ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് പലരും മോചിതരായിട്ടില്ല. കഴിഞ്ഞമാസം സായുധസേന പൊലീസ് പോസ്റ്റുകള്‍ ആക്രമിച്ചുവെന്നാരോപിച്ചാണ് രാഖൈന്‍ മേഖലയിലെ റോഹിങ്ക്യകള്‍ക്കുനേരെ സൈന്യം ആക്രമണം തുടങ്ങിയത്. റോഹിങ്ക്യകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള സൈന്യത്തിന്റെ തന്ത്രമാണിതെന്നും ആരോപണമുണ്ട്.
രാഖൈന്‍ ഗ്രാമം തീവെച്ചു നശിപ്പിച്ച സൈന്യം റോഹിങ്ക്യകളെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയാണ്. അതിര്‍ത്തിയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച മെഡിക്കല്‍ ക്യാമ്പുകളിലും മതിയായ സൗകര്യമില്ല. വെടിയുണ്ടകള്‍ തുളച്ചുകയറിയ പരിക്കുകളുമായാണ് കഴിഞ്ഞദിവസം അമ്പതോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഈ ക്യാമ്പുകളിലെത്തിയത്. മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കുനേരെ നടക്കുന്നത് വംശഹത്യയാണെന്ന് യു.എന്‍ അപലപിച്ചിരുന്നു. വെടിയുണ്ടകളും സ്‌ഫോടനങ്ങളും രാഖൈനിലെ കുന്നുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. റോഹിങ്ക്യകളും മ്യാന്മര്‍ സൈന്യവും തമ്മിലുള്ള കലാപം സമാനതകളില്ലാത്ത മാനുഷിക ദുരന്തത്തിനാണ് വഴിയൊരുക്കുന്നത്.