യാങ്കോണ്‍: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സ്വദേശത്തേക്കു തിരിച്ചയക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മ്യാന്മര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്ന് മള്‍ട്ടി മില്യണ്‍ ഡോളര്‍ സഹായം ബംഗ്ലാദേശില്‍ എത്തുന്നതുവരെ തിരിച്ചയക്കല്‍ നടപടി വലിച്ചിഴക്കുമെന്നും മ്യാന്മര്‍ ആരോപിച്ചു. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത്‌റോഹിന്‍ഗ്യകള്‍ക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 600,000 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
1990ല്‍ മ്യാന്‍മറില്‍ നടപ്പാക്കിയ കരാറനുസരിച്ച് റോഹിന്‍ഗ്യകളെ എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ആങ് സാന്‍ സൂകി വ്യക്തമാക്കിയതായി മ്യാന്മാര്‍ വക്താവ് അറിയിച്ചു. എന്നാല്‍ ബംഗ്ലാദേശ് ഈ നിബന്ധനകള്‍ അംഗീകരിച്ചിട്ടില്ല. ഒരു വലിയ അഭയാര്‍ഥി ക്യാമ്പ് റോഹിന്‍ഗ്യകള്‍ക്കായി ഉണ്ടാക്കി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പണം സ്വീകരിക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നതെന്ന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓഫീസ് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറലായ സാവെ ഹ്‌ടേ വ്യക്തമാക്കി.
നിലവില്‍ ബംഗ്ലാദേശിന് 400 ദശലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക ലഭിച്ചിട്ടും അവരെ തിരിച്ചയക്കാത്തതില്‍ ഞങ്ങള്‍ ഭയക്കുന്നുവെന്നും സാവെ സൂചിപ്പിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കായി മ്യാന്‍മര്‍ കാത്തിരിക്കുകയാണെന്നും, അവര്‍ മ്യാന്മറില്‍ ജീവിച്ചിരുന്നവരാണെന്നും സാവെ ഹ്‌ടേ പറഞ്ഞു.