റങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സൈനിക നടപടിയുടെ പേരില്‍ മ്യാന്മര്‍ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂകിക്കെതിരെ വംശ്യഹത്യക്ക് കേസെടുക്കണമെന്ന് വിദഗ്ധര്‍.
റോഹിന്‍ഗ്യ കൂട്ടക്കുരുതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് വരികയാണെങ്കില്‍ ആദ്യം പ്രതിക്കൂട്ടില്‍ കയറേണ്ടിവരിക സൂകിയും മ്യാന്മര്‍ സൈനിക മേധാവി ജനറല്‍ ആങ് മിന്‍ ഹ്ലാങുമായിരിക്കും.
റോഹിന്‍ഗ്യ മുസ്്‌ലിംകളെ ആസൂത്രിതമായി കൂട്ടക്കൊല ചെയ്തത് വംശഹത്യയാണെന്ന വസ്തുത തള്ളിക്കളയാനാവില്ലെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഅദ് വ്യക്തമാക്കിയിരുന്നു. സൈനിക നടപടിയുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍, ഉന്നതതലത്തിലാണ് തീരുമാനമെടുത്തതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരമായ കുറ്റകൃത്യങ്ങളാണ് മ്യാന്മറിലെ റോഹിന്‍ഗ്യ മേഖലയില്‍ നടന്നത്. യു.എന്‍ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഏത് പ്രവര്‍ത്തനവും വംശഹത്യയുടെ പരിശിധിയില്‍ വരും. റാഖൈന്‍ സ്റ്റേറ്റില്‍ നടന്നത് വംശഹത്യയാണെന്ന് തെളിയിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് റഅദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. വംശഹത്യക്ക് നേതൃത്വം നല്‍കിയതിന് ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ തെളിവു കൊണ്ടുവരാന്‍ പ്രയാസമാണ്.
കാരണം കൂട്ടക്കുരുതികള്‍ നടത്തുന്നത് രേഖാമൂലമുള്ള ഉത്തരവിലൂടെയോ പ്രത്യേക നിര്‍ദേശത്തിലൂടെയോ അല്ല. പക്ഷെ, ഭാവിയില്‍ നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒരു കോടതിക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്്ത് 25ന് റാഖൈനില്‍ സൈന്യം നരനായാട്ട് തുടങ്ങിയ ശേഷം ആറര ലക്ഷം റോഹിന്‍ഗ്യ മുസ്്‌ലിംകളാണ് മ്യാന്മര്‍ വിട്ട് ബംഗ്ലാദേശിലെത്തിയത്. സൈന്യത്തിന്റെ ആക്രമണത്തില്‍ ഒമ്പതിനായിരത്തിലേറെ മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ കണക്ക്. ആഗസ്റ്റില്‍ അക്രമങ്ങള്‍ തുടങ്ങുന്നതിനു ആറുമാസം മുമ്പ് തന്നെ സൂകിയെ ഫോണില്‍ വിളിച്ച് റോഹിന്‍ഗ്യകളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ടിരുന്നതായി റഅദ് വെളിപ്പെടുത്തി.