ധാക്ക: മ്യാന്മര്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കി. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍ക്കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മ്യാന്മറിലെ റാഖൈനില്‍നിന്ന് രാജ്യത്തെത്തിയ നാലരക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് സിം വില്‍ക്കാന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കും.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്ക് മൊബൈല്‍ വിലക്കിയിരിക്കുന്നത്. ക്യാമ്പ് വിട്ട് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്ന് അഭയാര്‍ത്ഥികളോട് ബംഗ്ലാദേശ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് അവര്‍ക്ക് അഭയം നല്‍കിയതെന്നും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും ടെലികോം മന്ത്രി തരാണ ഹലീം വ്യക്തമാക്കി. ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കിയ ശേഷം മൊബൈല്‍ ഫോണ്‍ വിലക്ക് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.