X

അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം; ദുരിതങ്ങള്‍ വിട്ടൊഴിയാതെ റോഹിന്‍ഗ്യന്‍ ജീവിതം

കത്തിച്ചാമ്പലായ ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ്

ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്‌ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
അന്നു തുടങ്ങിയതാണ് ജീവിത ദുരിതങ്ങളോടുള്ള ഈ മത്സരം. ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുകളില്‍ ജീവിതത്തിന്റെ പച്ചപ്പിനെ കുടിയിരുത്താന്‍ ശ്രമിക്കുമ്പോഴാണ് സ്വപ്‌നങ്ങളെ ഒരു പിടി ചാരമാക്കി ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ അഗ്നി വിഴുങ്ങിയത്. ഭീതിയോടെയാണ് ആ നിമിഷങ്ങളെ അവള്‍ ഓര്‍ക്കുന്നത്.മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുദ്ധ സമൂഹം അഴിച്ചുവിട്ട കിരാതമായ ആക്രമണങ്ങളെതുടര്‍ന്നാണ് മ്യാന്മറിലെ അറാക്കാനില്‍നിന്ന് തസ്്‌ലീമയും കുടുംബവും ജീവനും കൊണ്ട് പലായനം ചെയ്യുന്നത്.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ് ആദ്യം എത്തിയത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക്. തന്റെ കുട്ടിയുടെ ജനനം പോലും അഭയാര്‍ത്ഥിയായിട്ടായിരുന്നുവെന്ന് 23കാരിയായ തസ്്‌ലീമ പറയുന്നു. ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള ചേരിപ്രദേശത്ത് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ 44 ചെറ്റക്കുടിലുകളാണ് ഉണ്ടായിരുന്നത്.

കുടിലുകള്‍ എന്ന് അവയെ പറയാമോ എന്നറിയില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും പഴയ തകരക്കഷണങ്ങള്‍ കൊണ്ടും കെട്ടിമറച്ചുണ്ടാക്കിയ, ചെറിയൊരു കാറ്റിലും മഴയിലും നിലംപൊത്താവുന്ന ടെന്റുകള്‍ മാത്രം. ഒരു രാത്രിയില്‍ അവയെ കൂട്ടത്തോടെ അഗ്നി വിഴുങ്ങിയപ്പോള്‍ എല്ലാവരും ജീവനും കൈയില്‍പിടിച്ച് ഓടുകയായിരുന്നു.
മറ്റൊന്നിനെക്കുറിച്ചും അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കുടിലുകളെല്ലാം കറുത്ത ചാരം നിറഞ്ഞ മൈതാനം മാത്രമായി മാറിയപ്പോള്‍ അതുവരെ സ്വരൂക്കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ കൂടിയാണ് എരിഞ്ഞു തീര്‍ന്നത്. അഭയാര്‍ത്ഥികളാണെന്ന് തെളിയിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ തിരിച്ചറിയല്‍ രേഖ പോലും പലര്‍ക്കും നഷ്ടമായി.

നൂറിലധികം സ്ത്രീകളും 50ഓളം കുട്ടികളും ഉള്‍പ്പെടെ 226 റോഹിന്‍ഗ്യന്‍ ജനതകളാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ഭവനരഹിതരായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ടെന്റുകള്‍ തീ നക്കിത്തുടച്ചെടുക്കാന്‍ വേണ്ടി വന്നത് മിനുട്ടുകള്‍ മാത്രം. യു.എന്‍ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായതോടെ വല്ലാത്തൊരു ഭീതിയാണ് കുടുംബങ്ങളെ വേട്ടയാടപ്പെടുന്നത്. ഏതു സമയത്തും കസ്റ്റഡിയില്‍ എടുത്തേക്കാം. നാടു കടത്തിയേക്കാം- ക്യാമ്പില്‍ അന്തേവാസിയായ അബൂ ഫൈസല്‍ പറയുന്നു.

കുടിലുകള്‍ അഗ്നി വിഴുങ്ങിയതോടെ പലരുടേയും ജീവിതോപാധികളും നഷ്ടമായി. പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങി തുണികള്‍ തയ്ച്ചാണ് ജീവിതത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്ന് ക്യാമ്പില്‍ അന്തേവാസിയായ ആമിന ബീഗം പറയുന്നു.
ഇതില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പ്രതീക്ഷകള്‍ തെറ്റിച്ച അഗ്നിയുടെ താണ്ഡവമുണ്ടായത്. പോയ കാലത്തിന്റെ ഭീതിതമായ ഓര്‍മകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇതോടെ വിഫലമായതെന്ന് അവര്‍ സങ്കടപ്പെടുന്നു. കത്തിക്കരിഞ്ഞ് ചാരം മാത്രമായ മൈതാനിയില്‍ ഏതാനും കുട്ടികളുണ്ടായിരുന്നു. കളിപ്പാട്ടങ്ങളില്‍ വല്ലതും ശേഷിച്ചിട്ടുണ്ടോ എന്ന് തിരയുകയായിരുന്നു അവര്‍. പുസ്തകങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ സകലവും അഗ്നി വിഴുങ്ങി- ആമിനയുടെ കണ്ണില്‍ നനവു പടരുന്നുണ്ടായിരുന്നു. ചുടുകട്ടയും മണ്ണും ഉപയോഗിച്ച് ചുമരുകള്‍ നിര്‍മ്മിച്ച് അതിനുമുകളില്‍ പഴയ തകരവും പോളിത്തീന്‍ ഷീറ്റുകളും മേഞ്ഞാണ് ക്യാമ്പിലെ വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.

എല്ലാം അഗ്നി വിഴുങ്ങിയതോടെ ഒരിക്കല്‍കൂടി അവര്‍ ആകാശത്തിന്റെ മേല്‍ക്കൂരക്കു കീഴിലായി. തീയെടുത്തുപോയ ക്യാമ്പില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച 20 ക്യാമ്പുകളിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പഴയ ദുപ്പട്ടയും വസ്ത്രങ്ങളും കൊതുകു വലകളും കൊണ്ട് നിര്‍മിച്ച ഈ ക്യാമ്പുകളില്‍ സ്ത്രീകള്‍ അന്തിയുറങ്ങും. പുരുഷന്മാര്‍ തുറസ്സായ സ്ഥലത്തും. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ക്യാമ്പിലില്ലെന്ന് സര്‍ക്കാറിതര സംഘടനകള്‍ പറയുന്നു.
അതുകൊണ്ടുതന്നെ പകര്‍ച്ച വ്യാധി ഭീഷണി ഉള്‍പ്പെടെ പിടിമുറുക്കുകയാണ്. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ട് അന്തിയുറങ്ങുന്നത് വെറുമൊരു കൊതുകു വലയുടെ സുരക്ഷയിലാണെന്നും എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.

chandrika: