X

രോഹിന്‍ഗ്യ അഭയാര്‍ഥികളുടെ മനുഷ്യാവകാശവും കണക്കിലെടുക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. നിഷ്‌ക്കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞ കോടതി റോഹിന്‍ഗ്യകള്‍ക്കുള്ള മനുഷ്യാവകാശങ്ങളും രാജ്യസുരക്ഷയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും.

റോഹിങ്ക്യന്‍ വിഷയത്തില്‍ സന്തുലിതമായ പരിഹാരമാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. സംഘര്‍ഷം മൂലം ഇന്ത്യയില്‍ അഭയം തേടിയ തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് റോഹിങ്ക്യന്‍ വിഭാഗത്തില്‍പ്പെട്ട ചിലരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്. റോഹിങ്ക്യകളെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും അവര്‍ തീര്‍ത്തും നിയമവിരുദ്ധമായാണ് ഇന്ത്യയില്‍ കഴിയുന്നതെന്നും കേന്ദ്രം നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. കയറ്റിയയക്കരുതെന്ന റോഹിങ്ക്യകളുടെ ആവശ്യം നീതികരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചിരുന്നു.

chandrika: