X

റോഹിന്‍ഗ്യ മുസ്ലിം കൂട്ടപലായനം തുടരുന്നു; കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന മ്യാന്മറിനെതിരെ ബ്രിട്ടനും

യാങ്കൂണ്‍: മ്യാന്മറിലെ റാഖിനില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യ മുസ്ലിംകളുടെ ഒഴുക്ക് തുടരുന്നു. വീടും സ്വത്തുവകകളും ഉപേക്ഷിച്ച് 75,000ത്തോളം പേര്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്നതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് യു.എന്‍ വൃത്തങ്ങള്‍ പറയുന്നു. ആഗസ്ത് 25ന് മ്യാന്മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിന്‍ഗ്യകളുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.

ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സംഘങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വക്താവ് വിവിയന്‍ ടാന്‍ പറഞ്ഞു. പട്ടാളക്കാര്‍ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തുന്ന ദുരന്ത ദൃശ്യങ്ങള്‍ നേരില്‍ കാണേണ്ടിവന്ന അവര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപ ഭൂമിയില്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. വെടിവെപ്പില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീ പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിച്ചാണ് ഓടിപ്പോന്നതെന്ന് ടാന്‍ പറയുന്നു. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ സൈനികര്‍ വീടുകള്‍ വളഞ്ഞ് കണ്ണില്‍ കണ്ടവരെ മുഴുവന്‍ വെടിവെച്ചു കൊല്ലുകയാണ്. മൂവ്വായിരത്തോളം വീടുകള്‍ സൈനികര്‍ ചുട്ടെരിച്ചുവെന്നാണ് കണക്ക്. ശനിയാഴ്ച ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ വെടിയേറ്റ പരിക്കുകളോടെ എത്തിയ അമ്പതിലേറെ അഭയാര്‍ത്ഥികളെ ആസ്പത്രിയിലേക്ക് മാറ്റി.

അതേ സമയം റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ഭീകരമായി വേട്ടയാടപ്പെടുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന മ്യാന്മര്‍ ഭരണകൂടത്തെ ബ്രിട്ടനും അപലപിച്ചു. അക്രമങ്ങള്‍ തടയാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. പിഞ്ചുകുട്ടികളെ സൈന്യം ജീവനോടെ ചുട്ടെരിച്ചെന്നും കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും മനുഷ്യവകാശ സംഘടനകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മ്യാന്മറിന്റെ പ്രതിച്ഛായക്ക് അക്രമങ്ങള്‍ കളങ്കമേല്‍പ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പുനല്‍കി. ആധുനിക യുഗത്തെ ഏറെ സ്വീധീനിച്ച വ്യക്തികളില്‍ ഒരാളായാണ് ആങ് സാന്‍ സൂകിയെ ലോകം കാണുന്നത്. എന്നാല്‍ റോഹിന്‍ഗ്യകളോട് ക്രൂരമായി പെരുമാറുന്നത് അവരുടെ സല്‍പ്പേരിന് കളങ്കമാകും. രാജ്യത്തെ ഒന്നിപ്പിക്കാനും അക്രമങ്ങള്‍ തടയാനും മുസ്്‌ലിംകളോടും മറ്റു സമുദായങ്ങളോടുമുള്ള മുന്‍വിധികള്‍ അവസാനിപ്പിക്കാനും തന്റെ കഴിവുകള്‍ സൂകി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ സൂകി റോഹിന്‍ഗ്യ മുസ്്‌ലിംകളോട് പക്ഷപാതരമായി പെരുമാറുന്നത് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

chandrika: