X
    Categories: MoreViews

മയാമി ഓപണില്‍ ഫെഡറര്‍ – നദാല്‍ കലാശം

മയാമി: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്‍ ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ താരങ്ങളുടെ നേരങ്കം.
ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ 21-കാരനായ നിക്ക് കിര്‍ഗിയോസിനെ 7-6, 6-7, 7-6 ന് വീഴ്ത്തിയാണ് ഫെഡറര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. പരിചയ സമ്പന്നനായ ഫെഡററെ മൂന്ന് മണിക്കൂറിലധികം സമയം സെന്റര്‍ കോര്‍ട്ടില്‍ തളച്ചിട്ട ഓസ്‌ട്രേലിയന്‍ താരം ആരാധകരുടെ മനംകവര്‍ന്നാണ് ഒടുവില്‍ തോല്‍വി സമ്മതിച്ചത്. അന്തിമ ഘട്ടത്തില്‍ സെര്‍വുകളില്‍ കിര്‍ഗിയോസ് വരുത്തിയ പിഴവാണ് ഫെഡറര്‍ക്ക് അനുകൂലമായത്. ടൈബ്രേക്കര്‍ 72 മിനുട്ട് നീണ്ടുനിന്നു.
ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ 6-1, 7-5 ന് വീഴ്ത്തിയായിരുന്നു നദാലിന്റെ ഫൈനല്‍ പ്രവേശം. 38 സ്വയംപ്രേരിത പിഴവുകള്‍ വരുത്തിയ ഫോഗ്നിനിക്കെതിരെ തന്റെ പരിചയ സമ്പത്താണ് നദാലിന് ഗുണമായത്. 29 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ തളര്‍ന്നവശനായ ഫോഗ്നിനി ആദ്യസെറ്റ് പെട്ടെന്ന് അടിയറ വെച്ചപ്പോള്‍ നദാല്‍ നിഷ്പ്രയാസം മുന്നേറുമെന്ന് തോന്നിയെങ്കിലും രണ്ടാം സെറ്റില്‍ കനത്ത പോരാട്ടം കാഴ്ചവെച്ചാണ് ഫോഗ്നിനി മടങ്ങിയത്.

chandrika: