ഷാങ്ഹായ്: ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് കീരിടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. ജയത്തോടെ ഫെഡറര്‍ 94 എ.ടി.പി കിരീടമെന്ന ഇവാന്‍ ലെന്റലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഹാര്‍ഡ് കോര്‍ട്ടില്‍ ഫെഡററുടെ 700-ാം വിജയമാണിത്. ഷാങ്ഹായിയില്‍ രണ്ടാം കിരീടം നേടിയ ഫെഡറര്‍ നദാലിനെതിരായ തന്റെ വിജയ മാര്‍ജിന്‍ അഞ്ചു മത്സരമാക്കി ഉയര്‍ത്തുകയും ചെയ്തു. 2014ലെ ഓസ്‌ട്രേലിയന്‍ ഓപണിലാണ് അവസാനമായി നദാല്‍ ഫെഡററെ തോല്‍പിച്ചത്.
ലോക റാങ്കിങിലെ ഒന്നും രണ്ടും താരങ്ങള്‍ തമ്മിലുള്ള കലാശപ്പോരാട്ടം പ്രതീക്ഷിച്ചതു പോലെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെയാണ് പൂര്‍ത്തിയായത്. 19 തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള ഫെഡറര്‍ കഴിഞ്ഞ നാലു തവണയും നദാലുമായുള്ള പോരാട്ടത്തില്‍ വിജയം കണ്ടിട്ടുണ്ട്. ആദ്യ സെറ്റില്‍ തുടക്കത്തില്‍ 2-0ന് മുന്നിലെത്തിയ ഫെഡറര്‍ പിന്നീട് 4-2 ആയി ലീഡ് ഉയര്‍ത്തി. പിന്നീട് ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഫെഡറര്‍ രണ്ടാം സെറ്റ് 6-3ന് അനായാസം കൈയ്യടക്കി. 16 തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ നദാലിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഫെഡററെ പിന്നിലാക്കാനും സാധിച്ചില്ല.