കൊളംബിയന്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് ലാ ലീഗയിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ റയല്‍ മാഡ്രിഡിലേക്കല്ല മറിച്ച് റയോ വയ്യെകാനോയിലേക്കാണ് താരം എത്തുന്നത്. സ്പാനിഷ് ക്ലബുമായി റോഡ്രിഗസ് കരാറിലെത്തിയെന്നാണ് സൂചന. ഒരു വര്‍ഷത്തേയ്ക്കാണ് കരാറെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോഡ്രിഗസ് ബ്രസീല്‍ ക്ലബ് സാവോ പോളോയുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
മുമ്പ് റയല്‍ മാഡ്രിഡിനെക്കൂടാതെ ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടണിനായും ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണികിനായും റോഡ്രിഗസ് കളിച്ചിട്ടുണ്ട്. എങ്കിലും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാതിരുന്നത് റോഡ്രിഗസിന് തിരിച്ചടിയായി. ഇതോടെ യൂറോപ്പ് വിട്ട താരം ഖത്തര്‍ ക്ലബ് അല്‍ റയ്യാന്‍ എസ് സിയിലേക്കും പിന്നാലെ ഗ്രീസ് ക്ലബ് ഒളിമ്പിയാക്കോസ് എഫ്‌സിയിലും ഒടുവില്‍ ബ്രസീലിലെ സാവോ പോളോയിലേക്കും ചേക്കേറി.
കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊളംബിയ ഫൈനലില്‍ കടന്നതോടെയാണ് റോഡ്രിഗസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ടൂര്‍ണമെന്റില്‍ ആറ് അസിസ്റ്റും ഒരു ഗോളും റോഡ്രിഗസ് സംഭാവന ചെയ്തു. കൂടാതെ കോപയിലെ മികച്ച താരമായും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹം വീണ്ടും യൂറോപ്പിലേക്ക് തിരിച്ചെത്തുമ്പോള്‍ 33കാരനായ റോഡ്രിഗസ് എത്രമാത്രം തിളങ്ങുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.