X

വടിയോ അടിയോ-പ്രതിഛായ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ സംസ്ഥാനങ്ങളില്‍ ഭരണം കയ്യാളുന്ന സര്‍ക്കാറുകളേക്കാളും വാര്‍ത്തകളില്‍ നിറയാറുള്ളത് കേന്ദ്രം നിയോഗിച്ച ഗവര്‍ണര്‍മാരാണ്. അതങ്ങു തലസ്ഥാനമായ ഡല്‍ഹി മുതല്‍ ഇങ്ങു തെക്കേ അറ്റത്തുകിടക്കുന്ന കേരളം വരെ ഇക്കാര്യത്തില്‍ ഒന്നാണ്. ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെല്ലാം ഇല അനങ്ങണേല്‍ ഞാനറിയണമെന്ന ഭാവമാണ് അവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക്. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍മാര്‍ മുന്‍കാലങ്ങളില്‍ ഇത്തരം ചെയ്തികള്‍ക്കൊന്നും മിനക്കെടാറില്ലെന്നതാണ് കീഴ്‌വഴക്കമെങ്കില്‍ പക്ഷേ ഇപ്പോള്‍ കാലം മാറി കഥയും മാറി. ചാനലുകള്‍ ജഡ്ജിമാരായ നാട്ടിലൊക്കെ വിധി പ്രസ്താവം അറിയാന്‍ ഇപ്പോള്‍ ഗവര്‍ണര്‍മാരെയാണ് ആശ്രയിക്കുന്നത്. കേരള ഗവര്‍ണര്‍ക്ക് ഈയിടെയായി മൈക്കു കണ്ടാല്‍ എന്തേലും പറഞ്ഞില്ലേല്‍ ഉറക്കമില്ലെന്ന അവസ്ഥയാണ്. അതിപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ ഹിജാബ് ധരിക്കുന്നതാണേലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനമാണേലും ശരി. സംഗതി ഒരേ ടോണ്‍ തന്നെ. അല്ലേലും ബി.ജെ.പി ഭരണത്തില്‍ സംബന്ധവും അസംബന്ധവുമാണല്ലോ ഹൈലൈറ്റ്. തങ്ങള്‍ക്ക് പറ്റാത്തവരെയൊക്കെ ചാക്കിട്ടുപിടിച്ച് ഒപ്പം കൂട്ടും. അതിന് ഗവര്‍ണര്‍മാര്‍ വഴിയൊരുക്കണമെന്നതാണ് രീതി. തൊട്ടടുത്ത പുതുച്ചേരിയൊക്കെ ഇതിന് നല്ല ഉദാഹരണം നേരത്തെ കാണിച്ചുതന്നിട്ടുമുണ്ട്.

ശിയാ കോളജില്‍ പഠിച്ച് തുടങ്ങിയ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍കാരനായ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കേരള ഗവര്‍ണര്‍ സ്വജനപക്ഷപാതത്തെകുറിച്ചും രാഷ്ട്രീയ മര്യാദയെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാന്‍ മിടുമിടുക്കനാണ്. പക്ഷേ ഒന്നുണ്ട്, അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയം കൂടി പരിശോധിച്ചാല്‍ മാത്രമേ ക്രെഡിബിലിറ്റി സുവ്യക്തമാവുകയുള്ളൂ. വിദ്യാര്‍ഥി നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ടിയാന്‍ പാര്‍ട്ടികളില്‍നിന്നും പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതില്‍ അതിവൈദഗ്ധ്യം കാണിച്ചിട്ടുണ്ട്. ചരണ്‍സിങിന്റെ ഭാരതീയ ക്രാന്തിദളില്‍ നിന്നാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍തന്നെ ഗംഭീര തോല്‍വി. പിന്നീട് ജനതാപാര്‍ട്ടിക്കാരനായി കാലു മാറി. അവിടെയും തോല്‍വി. കോണ്‍ഗ്രസിലെത്തി. കേന്ദ്രമന്ത്രി സ്ഥാനംവരെ ഒപ്പിച്ചു. പിന്നീട് ജനമോര്‍ച്ചയെന്ന പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ പങ്കാളിയായി. എവിടേയും കാലുറപ്പിക്കാത്ത ഖാന്‍ പിന്നെ ആനപ്പാര്‍ട്ടിയായ ബി.എസ്.പിയിലും ഒരു കൈ നോക്കി. ബി.എസ്.പിക്കൊപ്പം ആനയും മെലിഞ്ഞൊട്ടിയതോടെ തഴച്ചുവളര്‍ന്ന താമരയിലേക്കായി നോട്ടം. പേരിനെങ്കിലും ഒരു ഖാനെ തേടിയ ബി.ജെ.പി കിട്ടിയ പാടെ കേരളമെന്ന ഇട്ടാവട്ടത്തേക്ക് ഗവര്‍ണറാക്കിയാണ് വിട്ടത്.

ഷാബാനു കേസില്‍ മതേതരത്വം പറഞ്ഞ് രാജിവെച്ചയാളാണേലും താമരച്ചുവട്ടിലെത്തിയതോടെ ഇപ്പോള്‍ നവീകരണ പാതയിലാണ്. ഗവര്‍ണറുടെ ഓഫീസില്‍ സകല ആര്‍.എസ്.എസുകാരെയും ഉപദേശകരാക്കി നിയമിച്ചതും ഇതിനൊക്കെയാണ്. മുഖ്യന്റെ നാടായ കണ്ണൂരില്‍ തനിക്കെതിരെ വധശ്രമമുണ്ടായെന്നും തെളിവുകള്‍ പുറത്തുവിടുമെന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടും ഭരണഘടനാപദവി കൈയ്യാളുന്ന ഒരാളായിട്ടും എന്തുകൊണ്ട് തെളിവ് പുറത്തുവിട്ടില്ലെന്ന് ചോദിച്ചാല്‍ അത് പിന്നെ… ഞാന്‍ മാത്രമല്ല അവരും എന്ന പതിവ് പല്ലവി തന്നെ.

മുഖ്യനാവട്ടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും പഴയ സോവിയറ്റ് ഏകാധിപതി സ്റ്റാലിനും ശേഷം തന്നേക്കാളും വലിയ ഏകാധിപതി വേറെ വേണ്ടെന്ന വിധത്തില്‍ ചുണ്ടങ്ങ തന്ന ഗവര്‍ണര്‍ക്ക് വഴുതനങ്ങ തന്നെ മറുപടിയായി നല്‍കുന്ന തിരക്കിലാണ്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നാണ് മുഖ്യന്‍ ഗവര്‍ണര്‍ക്ക് ഉപദേശമായി നല്‍കിയിരിക്കുന്നത്. ഗവര്‍ണറും മുഖ്യനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തമ്മില്‍ കൊടുക്കലും വാങ്ങലും തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഗവര്‍ണര്‍ക്ക് പിന്തുണയുമായി വാമന ജയന്തി മന്ത്രി എത്തിയതോടെ ഇതിപ്പോള്‍ കാവി ഒന്നും കാവി രണ്ടും തമ്മിലുള്ള വെറുമൊരു വടംവലിയായി മാറിയിരിക്കുകയാണ്. നാട്ടാര് മുഴുവന്‍ ഒന്നുകില്‍ കുഴിയില്‍, അല്ലേല്‍ പട്ടിയുടെ മുന്നില്‍ എന്ന രൂപത്തില്‍ അന്തംവിട്ടുനില്‍ക്കുന്ന കാലത്ത് യൂറോപ്യന്‍ പര്യടനത്തിന് ഷെഡ്യൂള്‍ ചെയ്ത് പറക്കാന്‍ വെമ്പുന്ന മുഖ്യന്‍, ഗവര്‍ണര്‍ക്ക് പറ്റിയ എതിരാളിയാണ്. എങ്ങനെയൊക്കെ വിഷയങ്ങളെ വഴിതിരിച്ചുവിടാമെന്ന് ഇരുവരും പണ്ടേ കാണിച്ചുതന്നതിനാല്‍ ഇപ്പോഴത്തെ സംബന്ധവും അസംബന്ധവുമൊക്കെ ചേട്ടന്‍ ബാവ അനിയന്‍ ബാവ അടവാണെന്ന് താമസിയാതെ മനസിലാവുകയും ചെയ്യും. കാറ് വാങ്ങുന്നത് മുതല്‍ ആര്‍.എസ്.എസുകാരനെ ഉപദേശകനാക്കുന്നതില്‍ വരെ ഈ മെയ്‌വഴക്കം കണ്ടതുമാണ്. സത്യത്തില്‍ ഗവര്‍ണര്‍ അടിച്ചതാണോ അതോ ഗവര്‍ണര്‍ മറ്റാരുടേയെങ്കിലും വടിയാണോ എന്നത് മാത്രമാണ് ഇനി അറിയാന്‍ ബാക്കി.

Test User: