സ്വിദ്ദീഖ് നദ്‌വി ചേരൂര്‍
രാജ്യത്ത് കൊറോണ പിടിമുറുക്കുന്നതിന് തൊട്ടുമുമ്പാണ് കേരളത്തിലെ ആദ്യകാല പത്ത് മുസ് ലിം പള്ളികളെ സംബന്ധിച്ച അന്വേഷണത്തിന്റെ അവസാന പടിയായി ചാലിയം (കോഴിക്കോട് ) സന്ദര്‍ശിക്കുന്നത്. ആ യാത്രയ്ക്കിടയില്‍ കോഴിക്കോട് ബുക്ക് സ്റ്റാളില്‍ വച്ച് ‘ഏഴിമല ദേശം, ചരിത്രം ‘ എന്ന കൃതി ശ്രദ്ധയില്‍ പെട്ടു. രാമന്തളി സ്വദേശിയായ കെ.കെ. അസൈനാര്‍ രചിച്ച പ്രസ്തുത കൃതിയിലൂടെ രചയിതാവുമായി നേരില്‍ ബന്ധപ്പെടാന്‍ അവസരം ഒത്തുവന്നു. അക്കാലത്ത് തന്നെ ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും പല വിവരങ്ങളും കൈമാറുകയും ചെയ്‌തെങ്കിലും നേരില്‍ പരിചയപ്പെടാന്‍ കോവിഡ് ലോക് ഡൗണും നിയന്ത്രണങ്ങളും തടസമായി. ഒടുവില്‍ കഴിഞ്ഞ വര്‍ഷാരംഭം പുതു വര്‍ഷ ദിനത്തില്‍ രാമന്തളിയിലെ ഹിറാ കോട്ടേജിലെത്തി അസൈനാര്‍ സാറിനെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ സൗഭാഗ്യമായി മനസില്‍ കുറിച്ചിടുന്നു.
അസൈനാര്‍ സാറിനെ കുറിച്ച് 80 കളില്‍ തന്നെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഞാന്‍ എട്ടിക്കുളം ദര്‍സില്‍ പഠിക്കുന്ന കാലത്ത് പയ്യന്നൂര്‍ പ്രദേശത്തെ ചന്ദ്രിക ലേഖകനും പൊതു പ്രവര്‍ത്തകനുമെന്ന നിലയില്‍ അദ്ദേഹം സജീവമായിരുന്നു. അറബി അധ്യാപകന്‍, മദ്‌റസാധ്യാപകന്‍, സ്‌കൂള്‍ മാനേജര്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം രാമന്തളി മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, പ്രസിഡന്റ്, രാമന്തളി പഞ്ചായത്ത് ബോര്‍ഡ് മെമ്പര്‍, മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു.
അസൈനാര്‍ സാറിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഗുണങ്ങള്‍ അദ്ദേഹത്തിന്റെ യാത്രാപ്രേമവും ചരിത്ര വസ്തുതകള്‍ ചികഞ്ഞന്വേഷിക്കുന്നതിലും അവ ക്രോഡീകരിക്കുന്നതിലും കാണിക്കുന്ന അഭിരുചിയും ശുഷ്‌കാന്തിയുമാണ്. 10 ലധികം പുസ്തകങ്ങള്‍ രചിച്ചു പ്രസിദ്ധീകൃതമായിട്ടുള്ളതില്‍ മിക്കതും ചരിത്ര വിഷയങ്ങളാണ്. പലതും വിവിധ ദേശങ്ങളുടെ പ്രാദേശിക ചരിത്രങ്ങളും അദ്ദേഹം നേരില്‍ കണ്ട രാജ്യങ്ങളുടെ വിശേഷങ്ങളുമാണ്. പ്രത്യേകിച്ച് ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഒട്ടേറെ അപൂര്‍വ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിലേറെ കാലം നിരന്തരമായി ലക്ഷദ്വീപുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന അദ്ദേഹം, അവിടത്തെ ഭരണരംഗത്തും സാമൂഹിക രംഗത്തും ഉള്ള പ്രമുഖരുമായി ഈടുറ്റ വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നു. ലക്ഷദ്വീപിലെ പ്രതിസന്ധി കാലത്ത് അവിടത്തെ സ്ഥിതിഗതികള്‍ അറിയാന്‍ ദ്വീപിലെ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാന്‍ സൗകര്യപ്പെടുത്തിത്തന്നത് നന്ദിപൂര്‍വം ഓര്‍ക്കുകയാണ്. തന്റെ നാടിന്റെ വേരുകള്‍ ചികഞ്ഞു രാമന്തളി 17 ശുഹദാക്കളുടെ ചരിത്രം ‘ചരിത്രം തമസ്‌കരിച്ച പോരാട്ടം’ എന്ന പേരില്‍ ക്രോഡീകരിച്ചത് ഇതിനകം ആറ് പതിപ്പുകള്‍ പുറത്തിറങ്ങി. കൂടാതെ ദക്ഷിണേന്ത്യയിലെ മുസ് ലിം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ആഗ്ര ഡല്‍ഹി അജ്മീര്‍, തായിനേരി മഹല്ലിന്റെ ചരിത്രം, ചരിത്രം പൂവിട്ട മണ്‍ തരികളിലൂടെ, ഏഴിമല തങ്ങള്‍: കുടുംബം, ചരിത്രം, ഉലമാ ജ്ഞാനവീഥികളിലെ പാദമുദ്രകള്‍, സ്മൃതിപഥം, മദ്‌റസ മുഅല്ലിം ഗൈഡ് തുടങ്ങിയവയും അദ്ദേഹത്തിന്റെ വിലപ്പെട്ട രചനകളില്‍ പെടുന്നു.
പ്രായം എണ്‍പത് പിന്നിട്ട ശേഷവും ചരിത്ര വിശേഷങ്ങളുടെ അപൂര്‍വ അടരുകള്‍ വരെ സൂക്ഷ്മമായി അദ്ദേഹം ഓര്‍ത്തു വച്ചു. വിശ്രമജീവിതം വായനയ്ക്കും ചരിത്രരചനയ്ക്കുമായി ഉഴിഞ്ഞുവച്ചു. നിരവധി റഫറന്‍സ് കൃതികളും അപൂര്‍വ ചരിത്ര രേഖകളും സൂക്ഷിക്കുന്ന ഹോം ലൈബ്രറി തന്റെ വൈജ്ഞാനിക തൃഷ്ണയുടെ നിദര്‍ശനമായി തെളിഞ്ഞു നില്‍ക്കുന്നു.
ശൈഖ് സുഹ്‌റവര്‍ദിയുടെ പ്രസിദ്ധമായ ‘രിഹ്‌ലതുല്‍ മുലൂക്’ എന്ന കൃതിയുടെ പരിഭാഷ വരെ സൂക്ഷിക്കുന്നുണ്ട്. ആരെ കണ്ടാലും അവരുടെ ദേശത്തിന്റെ ചരിത്രവിശേഷങ്ങള്‍ ചോദിച്ചറിയുന്നതില്‍ ഔല്‍സുക്യം കാണിക്കുന്ന അദ്ദേഹം, മലബാര്‍ കലാപകാലത്തെ കുപ്രസിദ്ധനായ ചേക്കുട്ടി സൂപ്രണ്ടിന്റെ കുടുംബവേരുകള്‍ പരതിയെടുക്കുന്ന തിരക്കിലായിരുന്നു. അന്ന് നേരില്‍ കണ്ടപ്പോള്‍ ഈ വിഷയം താല്‍പര്യപൂര്‍വം അദ്ദേഹം പങ്ക് വച്ചത് ഓര്‍ക്കുന്നു. രാജ്യങ്ങള്‍ താണ്ടിയും ദേശങ്ങളുടെ കഥ പറഞ്ഞും ജീവിതത്തിന് അര്‍ത്ഥവും ധന്യതയും കണ്ടെത്തിയ കെ.കെ അസൈനാര്‍ എന്ന ചരിത്ര മുത്തുകളുടെ കാവല്‍ക്കാരന്‍ ചരിത്രമായി മാറിയിരിക്കുന്നു. ഓര്‍മിക്കാന്‍ ഒട്ടേറെ സംഭവങ്ങളും സംഭാവനകളും ബാക്കി വച്ചാണദ്ദേഹം പിരിഞ്ഞു പോയത്.