X

അഫ്ഗാന്‍ റോബോട്ടിക് ടീം ക്യാപ്റ്റന്റെ പിതാവ് കൊല്ലപ്പെട്ടു

 

കാബൂള്‍: അമേരിക്കയിലെ അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ പങ്കെടുത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ അഫ്ഗാന്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവും ഹെരാത്തിലെ ശിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടീം ക്യാപ്റ്റന്‍ ഫാത്വിമ ഖാദറിയാന്‍ എന്ന പതിനാലുകാരിയുടെ പിതാവാണ് കൊല്ലപ്പെട്ടതെന്ന് ടീം കോച്ച് അലി റസ മഹര്‍ബാന്‍ പറഞ്ഞു.
ശിയാപള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ ലക്ഷ്യമിട്ട് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിതാവിനെ നഷ്ടപ്പെട്ട ഫാത്വിമ ഏറെ ദു:ഖിതയാണെന്നും ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്നും മഹര്‍ബാന്‍ അറിയിച്ചു.
ഫാത്വിമക്കും കുടുംബത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. 150ലേറെ രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ പങ്കെടുത്ത റോബോട്ടിക്ക് മത്സരത്തില്‍ ധീരോധാത്തമായ നേട്ടത്തിന് വെള്ളി മെഡല്‍ നേടിയ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ജഡ്ജിമാരുടെ പ്രത്യേകം പ്രശംസക്കും പാത്രമായിരുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഏറെ പ്രയാസപ്പെട്ടാണ് സംഘം അമേരിക്കയിലേക്കുള്ള യാത്ര തരപ്പെടുത്തിയത്. സംഘത്തിന് അമേരിക്ക രണ്ടു തവണ യാത്രാനുമതി നിഷേധിച്ചിരുന്നു.
യാത്രാനുമതിക്കുവേണ്ടി കാബൂളിലെ അമേരിക്കന്‍ എംബസിയില്‍ കയറി ഇറങ്ങുന്ന പെണ്‍കുട്ടികളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് യു.എസ് ഭരണകൂടം വിസ അനുവദിച്ചത്.
താലിബാനും ഐ.എസും ആക്രമണം ശക്തമാക്കിയതോടെ അഫ്ഗാന്‍ ഭരണകൂടത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

chandrika: