മനുഷ്യ നിര്‍മിത റോബോട്ടുകള്‍ മനുഷ്യനെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കാലം വിദൂരമല്ലെന്ന് പഠനഫലം. ലോകം നിയന്ത്രിക്കാനോ മനുഷ്യനെ ഉപദ്രവിക്കാനോ ഏതെങ്കിലും നിര്‍മിത ബുദ്ധി ശ്രമിച്ചാല്‍ നിലവിലെ നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളില്‍ അത് തടയാനുള്ള സംവിധാനമില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ അതിബുദ്ധിയുള്ള ഏതെങ്കിലും നിര്‍മിത ബുദ്ധി നമുക്ക് തന്നെ പാരയാകാനുള്ള സാധ്യത ചെറുതല്ലെന്ന് കൂടിയാണ് രാജ്യാന്തര തലത്തിലുള്ള ഗവേഷക സംഘം നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യന് വെല്ലുവിളിയാവുമെന്ന നിലവന്നാല്‍ അക്കാരണം ചൂണ്ടിക്കാണിച്ച് നിര്‍മിത ബുദ്ധിയുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള സംവിധാനം നിലവിലില്ലെന്നതാണ് ഗവേഷകസംഘം ഓര്‍മിപ്പിക്കുന്നത്.
വര്‍ഷങ്ങളായി നമ്മളെ അദ്ഭുതപ്പെടുത്തുന്നുണ്ട് നിര്‍മിത ബുദ്ധി. സ്വയം ഓടിക്കുന്ന കാറുകളും, കംപ്യൂട്ടര്‍ ചിട്ടപ്പെടുത്തിയ സിംഫണിയും ചെസിലെ ലോകചാമ്പ്യനെ പരാജയപ്പെടുത്തിയ സൂപ്പര്‍ കംപ്യൂട്ടറുമെല്ലാം നിര്‍മിത ബുദ്ധിയുടെ വകഭേദങ്ങളായിരുന്നു. സൗകര്യങ്ങളും ഗുണങ്ങളും ഏറുന്നതിനൊപ്പം ഉത്തരവാദിത്വവും കൂടി നിര്‍മിതബുദ്ധിയുടെ കാര്യത്തില്‍ കാലാകാലങ്ങളില്‍ വര്‍ധിക്കുന്നുണ്ട്. മനുഷ്യന്റെ സ്വകാര്യത ഇല്ലാതാക്കുന്ന മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാവുന്ന അതി ബുദ്ധിയുള്ള സംവിധാനങ്ങളായി മാറുമോ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കംപ്യൂട്ടറുകളെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
ഇലോണ്‍ മസ്‌കും ബില്‍ഗേറ്റ്‌സും അടക്കമുള്ള സാങ്കേതിക ലോകത്തെ പ്രമുഖര്‍ നിര്‍മിത ബുദ്ധിയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളവരാണ്. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അപകടമെന്നാണ് ഇലോണ്‍ മസ്‌ക് നിര്‍മിത ബുദ്ധിയെ വിശേഷിപ്പിക്കുന്നത്.