ദുബൈ: കുറ്റവാളികളെ പിടികൂടുന്നതിന് ദുബൈ പോലീസിനെ സഹായിക്കാന്‍ ഇനി റോബോട്ട് പോലീസും. വാണ്ടഡ് ക്രിമിനലുകളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കഴിയുന്ന യന്ത്ര മനുഷ്യന്‍ വ്യാഴാഴ്ചയാണ് ദുബൈ പോലീസിന്റെ ഭാഗമായത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന ദൗത്യം യന്ത്രമനുഷ്യരെ ഏല്‍പ്പിക്കുന്നതിനുള്ള ദുബൈ പോലീസിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ‘റോബോകോപ്പി’ന്റെ വരവ്.
സാധാരണ മനുഷ്യന്റെ വലുപ്പത്തിലുള്ള റോബോകോപ്പ് ഷെയ്ക്ക് ഹാന്റ് നല്‍കുകയും മിലിട്ടറി സെല്യൂട്ട് അടിക്കുകയും ചെയ്യും. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഓട്ടോമേറ്റഡ് പോലീസ് ആണിത്. ദുബൈയില്‍ നടക്കുന്ന നാലാമത് ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യരിറ്റി ഷോയിലാണ് യന്ത്രപ്പോലീസിനെ പ്രദര്‍ശിപ്പിച്ചത്. ചക്രങ്ങളും ക്യാമറകളും മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈ പോലീസിന്റെ യൂണിഫോം നിറങ്ങളാണ് യന്ത്രപ്പോലീസിനും. എക്‌സ്‌പോ 2020-ക്കു മുന്നോടിയായി സേവന, സുരക്ഷാ മേഖലകളില്‍ സാങ്കേതിക വിദ്യയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ദുബൈ ഭരണകൂടത്തിന്റെ ലക്ഷ്യം. റോബോകോപ്പ് പരീക്ഷണം വിജയകരമായാല്‍ 2030-ഓടെ പോലീസ് സൈന്യത്തില്‍ 25 ശതമാനവും ഈ യന്ത്രങ്ങളായിരിക്കും.
‘ഈ റോബോട്ടുകള്‍ 24 മണിക്കൂറും ഏഴ് ദിവസവും ജോലി ചെയ്യും. ഇവ ലീവ് ചോദിക്കുകയോ അസുഖബാധിതരാവുകയോ മറ്റോ ഇല്ല. മുഴുസമയം ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും.’ ദുബൈ പോലീസിലെ സ്മാര്‍ട്ട് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് ഡേറ്റാബേസിലുള്ള ക്രിമിനലുകളുടെ മുഖവിവരങ്ങള്‍ പരിശോധിച്ച് താരതമ്യം ചെയ്യാനും ശ്രദ്ധയില്‍പ്പെടുന്നവര ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ അറിയിക്കാനും യന്ത്രത്തിനു കഴിയും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിവുള്ള റോബോകോപ്പ്, ട്രാഫിക് നിയമ ലംഘകരെയും പിടികൂടും. സംശയാസ്പദമായ സാചര്യത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്തി വീഡിയോ ആയി ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ അറിയിക്കും.
ദുബൈയിലുള്ള മലയാളികളടക്കമുള്ള ലക്ഷക്കണക്കിനാളുകള്‍ ശുര്‍ത്വയോട് കാണിക്കുന്ന പേടി ഇനിമുതല്‍ റോബോകോപ്പിനോടും കാണിക്കേണ്ടി വരുമെന്നര്‍ത്ഥം.