ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, റോബര്‍ട്ട് വദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതോടെയാണ് വദ്രയുടെ സജീവരാഷ്ട്രീയപ്രവര്‍ത്തനമുണ്ടാകുമെന്ന നിലയില്‍ ചര്‍ച്ച തുടങ്ങിയത്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്‌നേഹം കിട്ടിയിട്ടുള്ളതെന്നും വദ്ര കുറിപ്പില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുകയാണ് വദ്രയിപ്പോള്‍. റോബര്‍ട്ട് വദ്രക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വദ്രക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസുകളില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍, ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വദ്ര മൊഴി നല്‍കി. മൂന്ന് വില്ലകള്‍, ആഡംബര ഫ്‌ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്.