X
    Categories: MoreViews

സിംബാബ്‌വെയില്‍ റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിന് അന്ത്യം

ഹരാരെ: സിംബാബ്‌വെയില്‍ റോബര്‍ട്ട് മുഗാബെയുടെ 37 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യമായി. ഭരണകക്ഷിയായ സാനു-പിഎഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ നംഗാവെയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു.

മുഗാബെയുടെ രാജി ആവശ്യപ്പെട്ട് ഹരാരെയില്‍ ജനം തെരുവിലിറങ്ങിയതിനു ശേഷമാണ് സ്വന്തം പാര്‍ട്ടിയും അദ്ദേഹത്തെ കൈവിട്ടത്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഈ 93കാരന്‍ ഇനി അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് ഉറപ്പായി.
ഭാര്യ ഗ്രേസിനെ പ്രസിഡന്റ് പദത്തില്‍ പിടിച്ചിരുത്താനുള്ള മുഗാബെയുടെ തന്ത്രവും പാളിയിരിക്കുകയാണ്.

ഗ്രേസിനുവേണ്ടിയാണ് അദ്ദേഹം എമ്മേഴ്‌സണെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. അതോടെ മുഗാബെയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ സൈന്യം നിര്‍ബന്ധിതമാകുകയായിരുന്നു. അട്ടിമറിക്കുശേഷം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മുഗാബെയുടെ മോശപ്പെട്ട ആരോഗ്യസ്ഥിതി മുതലെടുത്ത് കളിക്കുകയാണ് ഗ്രേസും അവരുമായി അടുത്ത് ബന്ധമുള്ളവരുമെന്ന് സാനു-പിഎഫ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി ഓബര്‍ട് പോഫു പറഞ്ഞു. ഗ്രേസിനോടൊപ്പമുണ്ടായിരുന്ന യുവജനവിഭാഗം സാനു-പിഎഫ് യൂത്ത് ലീഗും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

എമ്മേഴ്‌സണെ പുറത്താക്കിയതോടെയാണ് പാര്‍ട്ടിക്കകത്തു തന്നെ മുഗാബെക്കെതിരെ പടയൊരുക്കം തുടങ്ങിയത്. ശനിയാഴ്ച ഹരാരെയില്‍ പ്രകടനം നടത്തിയവര്‍ പട്ടാള അട്ടിമറിയെ സ്വാഗതം ചെയ്തിരുന്നു. വന്‍ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്. അവര്‍ സൈനികരെ ആശ്ലേഷിച്ചും സെല്‍ഫിയെടുത്തും മുഗാബെയുടെ പടിയിറക്കം ആഘോഷമാക്കി.

chandrika: