X

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ട്രംപിനെ മുള്ളര്‍ ചോദ്യം ചെയ്യും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യംചെയ്യും. തെരഞ്ഞൈടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുന്നതിന് ട്രംപിന്റെ പ്രചാരണ വിഭാഗം റഷ്യന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചോ എന്നാണ് മുള്ളര്‍ അന്വേഷിക്കുന്നത്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നിനെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയോട് ട്രംപ് ആവശ്യപ്പെട്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അംബാസഡറുമായി ഫഌന്‍ ചര്‍ച്ച നടത്തിയതായി ആരോപണമുണ്ട്. ട്രംപിനെ എങ്ങനെ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകരും അന്വേഷണ സംഘവും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. അന്വേഷണ സംഘത്തിനു മുന്നില്‍ ട്രംപ് നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനാണ് അഭിഭാഷകരുടെ ശ്രമം.

ചോദ്യവും ഉത്തരവും എഴുതി വാങ്ങണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് മുള്ളറുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡിന്റിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. എന്നാല്‍ ട്രംപിന്റെ അഭിഭാഷകരും അന്വേഷണ സംഘവും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ട്രംപിനെ മുള്ളര്‍ നേരിട്ട് ചോദ്യം ചെയ്യാനാണ് സാധ്യതയെന്ന് യു.എസ് മാധ്യമങ്ങള്‍ പറയുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അറിയിച്ചു. ജെയിംസ് കോമിയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് മുള്ളറെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കോമിയെ പുറത്താക്കിയതിനു പിന്നിലും ട്രംപിനെതിരെയുള്ള എ ഫ്.ബി.ഐ. അന്വേഷണമാണ്.

chandrika: