X

കൊച്ചിയില്‍ ആറു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു കവര്‍ന്നത് 25 കിലോ സ്വര്‍ണ്ണം; നാലു പേര്‍ കസ്റ്റഡിയില്‍


കൊച്ചി: സ്വര്‍ണ കമ്പനിയിലേക്ക് ശുദ്ധീകരണത്തിന് കൊണ്ടു പോവുകയായിരുന്ന 25 കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറു കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. നഗരത്തിലെ ഏഴു ജ്വല്ലറികളില്‍ നിന്നുള്ള സ്വര്‍ണമാണിത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാര്‍ മാര്‍ഗം ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സിആര്‍ജി മെറ്റല്‍സ് കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവ സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ കമ്പനി ജീവനക്കാര്‍ തടഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ പരസ്പര വിരുദ്ധമായാണ് ഇവര്‍ മൊഴി നല്‍കുന്നതെന്നാണ് പൊലീസ് വിശദീകരണം. കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വര്‍ണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗ സംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫാക്ടറിയിലേക്ക് കാര്‍ വരുന്ന വഴിയില്‍ രണ്ടുപേര്‍ ബൈക്കില്‍ കാത്തുനിന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കൈക്കലാക്കിയശേഷം രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും ആ സമയത്ത് മദ്യപിച്ചശേഷം വലിച്ചെറിഞ്ഞ ബിയര്‍ കുപ്പികള്‍ പൊലീസ് പരിശോധനയില്‍ കണ്ടെടുത്തു. മദ്യകുപ്പിയിലെയും അക്രമികള്‍ തകര്‍ത്ത കാറിലെയും വിരലടയാളങ്ങള്‍ ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ വാഹനത്തിലുളളവര്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ ലക്ഷണങ്ങളില്ല. തങ്ങള്‍ക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ചെന്നാണ് ഇവരുടെ മൊഴി.
സ്വര്‍ണക്കമ്പനിയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ സ്വര്‍ണവുമായി ബൈക്കില്‍ അധികദൂരം പോയിട്ടില്ലെന്നും വഴിയില്‍വച്ച് സ്വര്‍ണം മറ്റാര്‍ക്കോ കൈമാറിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് കരുതുന്നു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സംസ്‌കരിച്ചെടുക്കുന്ന ഈ ശുദ്ധീകരണശാലയെകുറിച്ച് പൊലീസിനും കാര്യമായ അറിവുണ്ടായിരുന്നില്ല. സ്വര്‍ണത്തിന്റെ സ്രോതസ് അടക്കമുളള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കമ്പനിയുടെ മുന്നില്‍ വെച്ച് നടന്ന കവര്‍ച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു. ഇതേ തുടര്‍ന്ന് സിആര്‍ജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

web desk 1: