X

ദുരന്ത മറവില്‍ നടന്ന കൊള്ള-എഡിറ്റോറിയല്‍

അഴിമതിക്ക് ദുരന്തങ്ങള്‍ മറയാക്കരുതെന്ന ഹൈക്കോടതി വിമര്‍ശനം ഇടതുസര്‍ക്കാറിന്റെ തലക്കിട്ടു കിട്ടിയ കിഴുക്കാണ്. മനുഷ്യരാശിയെ ഒന്നടങ്കം തളര്‍ത്തിക്കിടത്തിയ കോവിഡ് മഹാമാരിക്കാലത്തും അഴിമതിയുടെ ചക്കരക്കുടത്തില്‍ കയ്യിട്ട് നക്കിയ സര്‍ക്കാറിന്റെ ക്രൂരമുഖം തുറന്നുകാട്ടുന്നതാണ് പി.പി.ഇ കിറ്റ് അഴിമതി. ദശലക്ഷങ്ങളുടെ ജീവന്‍ കവരുകയും കോടിക്കണക്കിന് ആളുകളെ രോഗശയ്യയിലാക്കുകയും ചെയ്ത കോവിഡിന്റെ അഭിശപ്ത ദിനങ്ങളെ പൊതുഖജനാവ് കൊള്ളയടിക്കാനുള്ള ഇരുട്ടുമറയായി അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഉന്നത ഉദ്യോഗസ്ഥരും കണ്ടുവെന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ ലോകം അകത്തങ്ങളിലേക്ക് പിന്‍വാങ്ങുകയും കൂട്ടമരണങ്ങളും കൂട്ടച്ചിതകളും നിത്യക്കാഴ്ചകളാവുകയും ചെയ്ത മഹാമാരിക്കാലത്ത് ഇത്ര വലിയൊരു കൊള്ളക്ക് സര്‍ക്കാറിന് ധൈര്യം വന്നത് കേരളത്തെ ഏറെ അമ്പരപ്പിക്കുന്നുണ്ട്. സമ്പദ്ഘടന തകര്‍ന്നിരിക്കെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട് ജനങ്ങള്‍ ഒന്നടങ്കം പട്ടിണിയെ മുഖാമുഖം കണ്ട ഭീതിതമായ ദിനങ്ങളില്‍ ഇവിടെ കൊച്ചുകേരളത്തില്‍ ഒരു ഭരണകൂടം പിച്ചചട്ടിയില്‍ കയ്യിട്ടുവാരി കീശ നിറയ്ക്കുന്നതില്‍ വ്യാപൃതരായിരുന്നു.

കോവിഡ് വ്യാപനത്തില്‍ പേടിച്ചരണ്ട് കഴിയുന്ന ജനങ്ങളെ മുഴുവന്‍ വഞ്ചിച്ച് നിന്ദ്യമായ അഴിമതികളില്‍ തടിച്ചുകൊഴുക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വരേണ്യ വര്‍ഗം. പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയ ഇടപാടില്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത് വന്‍ അഴിമതിയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ കാലത്ത് കേരളം പണമില്ലാതെ വലയുമ്പോള്‍ 500 രൂപയ്ക്ക് കിട്ടുമായിരുന്ന പി.പി.ഇ കിറ്റ് ആരോഗ്യ മന്ത്രി വാങ്ങിയത് 1500 രൂപയ്ക്ക്. ടെന്‍ഡര്‍ വിളിക്കാതെ നടത്തിയ ഇടപാടില്‍ പൊതുഖജനാവിന് ആയിരം രൂപ നഷ്ടം. അക്കാലത്ത് പി.പി.ഇ കിറ്റുകള്‍ക്കുപുറമെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങിയതിലും വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വകാര്യ കമ്പനികളില്‍നിന്ന് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് വിപണി നിരക്കിനേക്കാള്‍ മൂന്നിരട്ടി വിലക്കായിരുന്നു. സാധനങ്ങള്‍ വിതരണം ചെയ്തതിന് ശേഷമാണ് സാധാരണ പണം അനുവദിക്കാറുള്ളതെങ്കില്‍ കിറ്റുകള്‍ എത്തുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ഒമ്പതു കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ ആവേശം കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഇതെല്ലാം നടത്തിയതെന്ന് ശൈലജ സമ്മതിച്ചിട്ടുണ്ട്. വെട്ടിപ്പില്‍ പിണറായിക്കും പങ്കുണ്ടെന്നാണ് അതിലൂടെ വ്യക്തമായിരിക്കുന്നത്. രണ്ടാമൂഴത്തില്‍ മന്ത്രിപ്പണി തരാതെ മൂലക്കിരുത്തിയതില്‍ ശൈലജക്ക് അമര്‍ഷമുണ്ട്. തന്നെ ഒതുക്കി സുഖിച്ചുവാഴാന്‍ സമ്മതിക്കില്ലെന്ന സൂചന കൂടിയാണ് അവര്‍ പിണറായിക്ക് നല്‍കിയിരിക്കുന്നത്. പൂക്കള്‍ക്കൊപ്പം മുള്ളുകളുമുണ്ടാകുമെന്ന് പറഞ്ഞ് തട്ടിപ്പിന് നിറം കൊടുക്കാനും ശൈലജ ശ്രമിച്ചിരുന്നു.

നാട്ടുകാരെ പറ്റിച്ച് രക്ഷപ്പെടാമെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് ലോകായുക്തയുടെ ഇടപെടല്‍. കെണിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഇടതുപക്ഷത്തിന്റെ പതിവ് അടവുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചു. അഴിമതിയാരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമില്ലെന്നാണ് ശൈലജയുടെയും സര്‍ക്കാറിന്റെയും വാദം. തട്ടിപ്പും വെട്ടിപ്പും തടസ്സം കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ പല്ലും നഖവും തച്ചുകൊഴിച്ച് ലോകായുക്തയെ ആട്ടിന്‍കുട്ടിയാക്കി മാറ്റിയിട്ടുണ്ടെങ്കിലും അതിന് ജീവനുണ്ടെന്നത് സര്‍ക്കാറിനെ ഇപ്പോഴും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ശൈലജക്കുപുറമെ, അന്നത്തെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു. ഇവരില്‍ ഖോബ്രഗഡെയാണ് അന്വേഷണത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ലോകായുക്തക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ച കോടതിയില്‍നിന്ന് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത് ചുട്ട അടിയാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ആശങ്കയെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. കേരളത്തിനും അതുതന്നെയാണ് അറിയാനുള്ളത്. സ്വന്തം കരങ്ങള്‍ ശുദ്ധമാണെന്ന് വാദമുണ്ടെങ്കില്‍ ശൈലജ എന്തിനാണ് പേടിക്കുന്നത്? കള്ളന്മാര്‍ക്ക് മാത്രമേ നിയമപാലകരെ പേടിക്കേണ്ടതുള്ളൂ. സാധാരണക്കാരന്‍ പൊലീസ് സേനയെ കാവല്‍ക്കാരായും സംരക്ഷണത്തിന്റെ അഭയകേന്ദ്രമായും കാണുമ്പോള്‍ കുറ്റവാളിയുടെ ചിന്ത മറിച്ചാണ്. കോവിഡ് കാല സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ലോകായുക്ത അന്വേഷണം നടത്തുമ്പോള്‍ ഇടതുസര്‍ക്കാറിന്റെ മനോഗതി കൊള്ളക്കാരന്റേതില്‍നിന്ന് വ്യത്യസ്തമല്ല. പക്ഷേ, ഏത് മാളത്തില്‍ പോയി ഒളിച്ചാലും നിയമത്തിന്റെ പിടിയിലാകുമെന്ന അംഗീകൃത സത്യം കുറ്റവാളികളെ വേട്ടയാടിക്കൊണ്ടേയിരിക്കും.

Test User: