X

റോഡ് സുരക്ഷാ കര്‍മ്മപദ്ധതി തുടങ്ങി ; വാഹന പരിശോധനയില്‍ വ്യാപക നിയമലംഘനം

കോഴിക്കോട്: റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വാഹനപരിശോധന ആരംഭിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടക്കുന്ന ചെക്കിംഗ് ഈമാസം 31 വരെ നീണ്ടുനില്‍ക്കും. 10 സ്‌ക്വാര്‍ഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് 216 പേരില്‍ നിന്ന് പിഴ ഈടാക്കി.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച 91 പേര്‍ കുടുങ്ങി. മറ്റു നിയമലംഘനങ്ങള്‍ക്ക് 39പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇരുചക്രവാഹനങ്ങളുടെ പുറകിലിരിക്കേണ്ടവരും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് മോട്ടോര്‍വാഹനവകുപ്പ് ബോധവത്കരണം നടത്തി. ഇത്തരത്തില്‍ പരിശോധനയില്‍പ്പെട്ട 200പേരോട് ഇന്ന് ബോധവത്കരണപരിപാടിയിലേക്ക് എത്താന്‍ വാക്കാല്‍ ആവശ്യപ്പെട്ടു. നാളെ മുതല്‍ പരിശോധനയില്‍പ്പെടുന്നവര്‍ക്ക് മെമ്മോ നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഓരോ ഗതാഗത നിയമലംഘനവും വെവ്വേറെ കേസായി പരിഗണിച്ചാണ് നടപടി സ്വീകരിക്കുന്നത്.

എട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസുകള്‍, നാല് ആര്‍.ടി ഓഫീസുകള്‍, ആറ് ആര്‍.ടി.ഒ സബ് ഓഫീസുകള്‍, ആറ് സിറ്റി ട്രാഫിക് യൂണിറ്റുകള്‍, 16 സിറ്റി പൊലീസ് സ്‌റ്റേഷനുകള്‍, 21 റൂറല്‍ പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി 61 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന . രാത്രികാല പട്രോളിംഗും കര്‍ശനമാക്കിയിട്ടുണ്ട്. ഈ മാസം ഏഴു വരെ സീറ്റ്‌ബെല്‍റ്റ,് 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്പിങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവര്‍ണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിമും കോണ്‍ട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണ് പരിശോധന നടത്തുന്നത്.

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഗതാഗത പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിന് മെമ്മോ നല്‍കും. മൂന്ന് മണിക്കൂര്‍ ക്ലാസ് റൂം പരിശീലനവും മൂന്ന് മണിക്കൂര്‍ പ്രായോഗിക പരിശീലനവും അടങ്ങുന്ന ട്രൈനിങിന് ജില്ലയില്‍ മൂന്ന് സെന്ററുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചേവായൂരില്‍ 100 ഉം പൊലീസ് കണ്‍ട്രോള്‍ റൂം, വടകര എന്നിവിടങ്ങളില്‍ 50 വീതവും പേര്‍ക്ക് പരിശീലനം നല്‍കാന്‍ സൗകര്യമുണ്ടാകും.

നിയമലംഘകരുടെ ആധിക്യത്തിനനുസരിച്ച് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പരിശീലന പരിപാടി നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. സ്‌കൂള്‍, ആസ്പത്രി പരിസരങ്ങളില്‍ സന്നദ്ധ റോഡ് ട്രാഫിക് പരിപാലനം, സര്‍ക്കാര്‍ ആസ്പത്രികളിലെ ട്രോമാ കെയര്‍ വിഭാഗത്തില്‍ സന്നദ്ധ സേവനം എന്നിവയാണ് മൂന്ന് മണിക്കൂര്‍ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരിക. ജീവന്റെ വിലയും ഗതാഗത നിയമങ്ങളുടെ പ്രാധാന്യവും നിയമലംഘകരെ ബോധ്യപ്പെടുത്തുന്നതിനാണിത്.

Test User: