മലപ്പുറം: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. പാലക്കാട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റയില്‍ നിന്നുതുടങ്ങിയ ഗ്രീന്‍ഫീല്‍ഡ് അതിര്‍ത്തി നിര്‍ണയം 36 പ്രവൃര്‍ത്തി ദിനങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയായത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോര്‍ഡ് വേഗത്തിലാണ് ജില്ലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കാനായത്. മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ വാഴയൂര്‍ പഞ്ചായത്തില്‍ ചാലിയാറിനോട് ചേര്‍ന്നാണ് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് പാതയുടെ അവസാനത്തെ അതിര്‍ത്തിക്കുറ്റിയടിച്ചത്. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ ജില്ലയിലെ അവസാന അതിര്‍ത്തിക്കുറ്റിയടിച്ചത്. ചടങ്ങില്‍ തഹസില്‍ദാര്‍ സി.കെ നജീബ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കോമു കമര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടര്‍ എന്‍. പ്രേമചന്ദ്രന്‍, റിട്ട. തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, കണ്‍സല്‍ടന്റായ ടി.പി.എഫ് എഞ്ചിനീയറിങ് ലിമിറ്റഡ് കേരള മാനേജര്‍ രതീഷ് കുമാര്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തിലേയും ദേശീയപാത അതോറിറ്റിയിലേയും ഉദ്യോഗസ്ഥര്‍, സ്ഥലം ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്‍പ്പ് കല്‍പിക്കും. പരാതികളിലെ തീര്‍പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളങ്കൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. പദ്ധതിയ്ക്കായി 238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് പാതയുടെ അതിര്‍ത്തി നിര്‍ണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശത്തും 1057 വീതം അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അതിര്‍ത്തി നിര്‍ണയത്തിനോടൊപ്പം ഓരോ സര്‍വ്വേ നമ്പറില്‍ നിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍വ്വെ ജോലികളും ഇതോടൊപ്പം പൂര്‍ത്തിയായി. ഡി.ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേയാണ് അതിര്‍ത്തി നിര്‍ണയത്തിനും സ്‌കെച്ചുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നത്.