സിപിഎം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് കയ്യേറി സ്‌റ്റേജ് കെട്ടിയ സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് സിപിഎം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പ്രതികരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അത്തരത്തില്‍ വേദി കെട്ടേണ്ടി വന്നത്. എന്നാല്‍ അത് വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കെന്നും വി ജോയി വിശദീകരിച്ചു.
‘മെയിന്‍ റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല. സബ് റോഡ് പാര്‍ക്കിംഗിനാണ് ഉപയോഗിക്കുന്നത്. അവിടെയാണ് വേദി കെട്ടിയത്. വലിയൊരു ട്രാഫിക്ക് അവിടെയില്ല. സ്മാര്‍ട് സിറ്റിയുടെ ഭാഗമായി ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും വഞ്ചിയൂരിലേക്ക് വരുന്ന റോഡും അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിടെ വേദിയൊരുക്കിയത്. വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് ഇപ്പോള്‍ഉള്ളതെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.
വഞ്ചിയൂരിലെ സ്‌റ്റേജ് വിവാദത്തില്‍ നേരത്തെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ നഗ്‌നമായ ലംഘനം നടന്നതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ലെന്ന് 2023ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇവ ലംഘിച്ചതിനാല്‍ സ്വമേധയാ കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് ഇടയാക്കിയത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമായിരുന്നു റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.