ലക്കിടി: റോഡ് വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജനുവരി 6ന് നടത്തുന്ന ചുരം സംരക്ഷണ യാത്രയുടെ പ്രചരണാര്‍ത്ഥം ശാഖാ തലങ്ങളില്‍ നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ലക്കിടിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തമ്മിലുള്ള സൗന്ദര്യ പിണക്കം പാവം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുമ്പ് നടത്തിയ കുഴിയെണ്ണല്‍ സമരം, കുഴിയെണ്ണിത്തീരാതെ പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ചുരം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചും ശാശ്വത പരിഹാരം ആവശ്യപ്പെട്ടും തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന പ്രമേയത്തില്‍ ജനുവരി 6ന് നടത്തുന്ന ചുരം സംരക്ഷണയുടെ പ്രചരണാര്‍ത്ഥമാണ് ഒപ്പ് ശേഖരണം നടത്തിയത്.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയില്‍, കല്‍പ്പറ്റ നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ജില്ലാ സെക്രട്ടറി യഹ്‌യാഖാന്‍ തലക്കല്‍, മണ്ഡലം ട്രഷറര്‍ സലീം മേമന, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, പി കെ സലാം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലീം കേളോത്ത് നന്ദിയും പറഞ്ഞു. ജില്ലയിലുടനീളം 200 കേന്ദ്രങ്ങളിലായി ജനകീയ ഒപ്പ് ശേഖരണം നടന്നുവരുന്നുണ്ട്.