ഗസ്സ: ഗസ മുനമ്പില്‍ നിന്ന് ഫലസ്തീന്‍ തൊഴിലാളികള്‍ എത്തുന്ന ഏക വഴി അടയ്ക്കാനുള്ള ഇസ്രാഈല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇസ്രാഈല്‍-ഈജിപ്ത് ഉപരോധത്തെ തുടര്‍ന്ന് 15 വര്‍ഷത്തോളമായി ദുരിതത്തിലായ മേഖലയിലെ രണ്ട് മില്ല്യനോളം വരുന്ന ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകാന്‍ ഇസ്രാഈലിന്റെ പുതിയ നീക്കം കാരണമാകും. ഗസ മുനമ്പില്‍ നിന്ന് ഇസ്രാഈലിലേക്ക് ഹമാസ് പോരാളികള്‍ മൂന്നു റോക്കറ്റുകള്‍ തൊടുത്തു വിട്ടുവെന്നാരോപിച്ചാണ് ഗസയിലേക്കുള്ള പാത അടക്കാന്‍ ഇസ്രാഈല്‍ ശനിയാഴ്ച തീരുമാനിച്ചത്.
റമസാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈലി സൈന്യം ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അതിക്രമത്തിന് പിന്നാലെയാണ് ഇസ്രാഈലിലേക്ക് റോക്കറ്റുകള്‍ പതിച്ചത്. ഹമാസ് തൊടുത്ത റോക്കറ്റുകളിലൊന്ന് ഒഴിഞ്ഞ വയലിലും മറ്റൊരെണ്ണം ഫലസ്തീന്‍ മേഖലയിലുമാണ് വീണതെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു.
മൂന്നാമത്തെ റോക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ ഇസ്രാഈല്‍ തയാറായില്ല. നേരത്തെ ഈ ആഴ്ച ആദ്യം ഗസയില്‍ നിന്നുള്ള റോക്കറ്റുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി ഇസ്രാഈല്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഗസയില്‍ നിന്ന് റോക്കറ്റ് പതിച്ചതിന്റെ പശ്ചാതലത്തില്‍ ഇസ്രാഈലിലേക്ക് ഗസ മുനമ്പില്‍ നിന്ന് ഇറേസ് ക്രോസിങ് വഴിയുള്ള വ്യാപാരികളുടെയും തൊഴിലാളികളുടെയും നീക്കം ഞായറാഴ്ച മുതല്‍ അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇസ്രാഈല്‍ നീക്കം കൂട്ട ശിക്ഷയാണെന്നും ഇത് 50 ശതമാനത്തോളം തൊഴിലില്ലായ്മയുള്ള ഗസയിലെ ജീവിതം ദുരിതപൂര്‍ണമാക്കുമെന്നും ഗസ വര്‍ക്കേഴ്‌സ് യൂണിയന്‍ പറഞ്ഞു.
ഈദുല്‍ ഫിത്വറിന് മുമ്പ് പാത അടക്കുന്നത് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്നും യൂണിയന്‍ പറഞ്ഞു. ഇസ്രാഈലിന്റെ നീക്കം തങ്ങളെ വരിഞ്ഞു മുറുക്കാനാണെന്നും ഉപരോധത്തിലാക്കി വരുതിയിലാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഹമാസ് വക്താവ് ഹസീം വസീം പറഞ്ഞു.