നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സോഫ്റ്റ്വെയറിലെ സങ്കേതിക തകരാര്‍ കാരണം റോഡിലെ എ ഐ ക്യാമറകള്‍ പിടികൂടുന്ന നിയന്ത്രണങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ അയക്കുന്നത് മുടങ്ങി. ഇന്നലെ ഉച്ചയോടെ ഉണ്ടായ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ കെല്‌ട്രോണിന്റെ സര്‍വറിലേക്കാണ് ആദ്യം എത്തുക. ഈ ദൃശ്യങ്ങള്‍ പിന്നീട് ജില്ലയിലെ വിവിധ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കിയശേഷം ചലാന്‍ രൂപീകരിക്കാനായി ഡല്‍ഹിയിലെ സര്‍വറിലേക്ക് അയക്കും. എന്‍ഐസി ചലാന്‍ രജിസ്റ്റര്‍ ചെയ്തു കെല്‍ട്രോണിന്റെ
സര്‍വറിലേക്ക് തിരിച്ച് അയക്കും. കെല്‍ട്രോണ്‍ ജീവനക്കാരാണ് ചലാന്‍ അയക്കുന്ന ജോലികള്‍ ചെയ്യുന്നത്.
നിയമം ലംഘിക്കുന്നവരെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയക്കുന്ന പ്രവര്‍ത്തനവും തകരാറുകാരണം ആരംഭിക്കാന്‍ ആയിട്ടില്ല. കഴിഞ്ഞദിവസം സംസ്ഥാനത്ത് 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്.