ചെന്നൈ: റോഡ് അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് റോഡപകടങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റോഡ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഗോള്‍ഡന്‍ അവറിനുള്ളില്‍ അവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകള്‍ക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും’-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ നല്‍കുന്ന ‘ഇന്നുയിര്‍ കാപ്പോം’ എന്ന പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള 609 ആശുപത്രികളില്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ വൈദ്യസഹായം നല്‍കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി പ്രത്യേക ശൃംഖല സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം മികച്ച ചികിത്സക്കൊപ്പം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. അപകടത്തില്‍പ്പെട്ട തമിഴ്‌നാട്ടുകാര്‍ക്കും സംസ്ഥാനം സന്ദര്‍ശിക്കുന്ന മറ്റുള്ളവര്‍ക്കും ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ വൈദ്യസഹായം നല്‍കും.