X

കര്‍ഷകപ്രക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ് എന്‍ഡിഎ; ആര്‍എല്‍പി മുന്നണി വിട്ടു

ഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിടുന്നതായി ലോക് താന്ത്രിക് എം.പി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എന്‍ഡിഎ സഖ്യമുപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

നേരത്തെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെച്ചൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മുമ്പും കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ബെനിവാള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.

അതേസമയം , കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് മുന്‍ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സ പാര്‍ട്ടി വിട്ടു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഖല്‍സ പാര്‍ട്ടി വിട്ടത്.

ഖല്‍സ 2019 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു ഖല്‍സയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഖല്‍സ 2014ല്‍ എം.പിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായത്.

അതേസമയം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

 

Test User: